കട്ടപ്പന: ഭാര്യ കിണറ്റിൽ വീണു മരിച്ചതിൻറെ മനോവിഷമത്തിൽ ഭർത്താവിനെ വിഷം കഴിച്ചു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കട്ടപ്പന വെള്ളയാംകുടി എകെജി പടി കിഴക്കേ ആലുങ്കൽ കെ.എസ്. ഷിബു (36) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് ഷിബുവിൻറെ ഭാര്യ രാധുവിനെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ കാൽ വഴുതി കിണറ്റിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ മരിച്ചതോടെ ഷിബു മനോവിഷമത്തിലായിരുന്നെന്ന് അയൽക്കാർ പറഞ്ഞു.തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഷിബുവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും ദിവസം മുമ്പാണ് ഇവർ വെള്ളയാംകുടിയിൽ വാടക വീട്ടിൽ താമസമാരംഭിച്ചത്. ഷിബുവിൻറെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇവർക്ക് നാലു മക്കളുണ്ട്. കട്ടപ്പന പോലീസ് കേസെടുത്തു.


















































