ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാൻ്റെ വിദേശകാര്യ മന്ത്രി ഇന്ന് രാത്രി പാകിസ്ഥാനിലെത്തുമെന്ന് പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ സംഘങ്ങൾ നേരത്തെ തന്നെ അവിടെ എത്തിചേർന്നതായും സൂചനയുണ്ട്. അമേരിക്കയുടെ ലോജിസ്റ്റിക്സ്, സെക്യൂരിറ്റി സംഘങ്ങൾ ചർച്ചകൾക്കായി നേരത്തെ തന്നെ പാകിസ്ഥാനിലെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ചർച്ച പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി പീറ്റർ ഹെഗ്സേത്ത് മാധ്യമപ്രവർത്തകരോട് നടത്തിയ പ്രതികരണത്തിൽ, ഇറാന് അമേരിക്കയുമായി നല്ലൊരു ഡീലുണ്ടാക്കാൻ അവസരമുണ്ടായിരുന്നു എന്ന് പറയുകയുണ്ടായി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇരുരാജ്യങ്ങളും തമ്മിൽ രണ്ടാം ഘട്ട ചർച്ച നടക്കുമെന്നാണ് കരുതിയതെങ്കിലും നടന്നിരുന്നില്ല. ഇറാൻ ചർച്ചകളിൽ പങ്കെടുക്കാൻ വിമുഖത കാണിച്ചതാണ് കാരണം. ഇതേ തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസും സംഘവും ഇസ്ലാമാബാദിലേക്കുള്ള യാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം വെടിനിർത്തൽ നീട്ടിവച്ച് അമേരിക്ക ചർച്ചയ്ക്കുള്ള സമയം നീട്ടി. എങ്കിലും കടലിൽ ഇറാനെ സമ്മർദത്തിലാക്കുന്ന നിലയിൽ നാവികസേനയെ വിന്യസിച്ച് അമേരിക്ക യുദ്ധരീതി മാറ്റി. അതിനിടെ ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ തീരുമാനത്തിലേക്ക് എത്തിയത് പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവുവരുമെന്നതിന്റെ സൂചനയായാണ് ലോകരാഷ്ട്രങ്ങൾ കാണുന്നത്.















































