ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ ഭാര്യയെ കാമുകനൊപ്പം ഒരുമിച്ച് കിടപ്പുമുറിയിൽ കണ്ടെത്തിയതിനെ തുടർന്ന് വസ്ത്രം ധരിപ്പിക്കാതെ ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും. ഓഗസ്റ്റ് 23-ന് ഝാൻസിയിലെ ചിരാഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് നാടകീയവുമായ സംഭവം അരങ്ങേറിയത്. ഭർത്താവ് പുറത്തുപോയി വീട്ടിലെത്തുമ്പോഴാണ് കട്ടിലിൽ കിടക്കുകയായിരുന്ന യുവതിയെയും കാമുകനെയും കണ്ടെത്തിയത്. ഇതോടെ ഇവരെ വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ ബലമായി വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. തലാബ്പുര മൊഹല്ല സ്വദേശിയായ രാജേഷ് പ്രജാപതിയാണ് ഭാര്യ അഭിലാഷയെയും കാമുകനെയും സ്വന്തം വീട്ടിൽ വെച്ച് പിടികൂടിയത്.
2026 ജൂൺ 24-നായിരുന്നു രാജേഷിന്റെയും അഭിലാഷയുടെയും വിവാഹം. ഒരു മാസം പിന്നിട്ടപ്പോൾ തന്നെ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിത്തുടങ്ങിയെന്ന് രാജേഷ് പറയുന്നു. പലപ്പോഴും തനിക്ക് രാത്രി കാലങ്ങളിൽ ഉറക്കഗുളിക നൽകി ഉറക്കിയ ശേഷം ഭാര്യ സ്ഥിരമായി കാമുകനുമായി ഫോണിൽ സംസാരിക്കുമായിരുന്നുവെന്നാണ് രാജേഷിന്റെ ആരോപണം. കൂടാതെ ഓഗസ്റ്റ് 19-ന് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കാണാതായി. ഇക്കാര്യം ഭാര്യയോട് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിരുന്നില്ല. തുടർന്നുള്ള പരിശോധനയിലാണ് ആഭരണങ്ങൾ ചിലത് ഭാര്യ കാമുകന് നൽകിയതാണെന്ന് കണ്ടെത്തിയത്.
ഓഗസ്റ്റ് 23-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജേഷ് പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയ സമയം, വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി മേൽക്കൂര വഴി അകത്തിറങ്ങി നോക്കിയപ്പോഴാണ് ഭാര്യയെയും കാമുകനെയും തന്റെ ബെഡ് റൂമിലെ കട്ടിലിൽ ഒരുമിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് രാജേഷ് അയൽക്കാരെയും നാട്ടുകാരെയും വിവരമറിയിച്ചു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ ചേർന്നാണ് വിവാഹം നടത്തിയത്. കാമുകൻ യുവതിയെ സിന്ദൂരം ചാർത്തുന്നതും പരസ്പരം മാല അണിയിക്കുന്നതിൻറെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തുകയും ഭാര്യയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.






