തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകാനുള്ള തീരുമാനത്തിൽനിന്ന് യുഡിഎഫ് പിന്മാറിയതായി റിപ്പോർട്ട്. ഒറ്റയ്ക്ക് അവിശ്വാസം കൊണ്ടുവരുവാനുള്ള അംഗബലമില്ലാത്തതിനാൽ എൽഡിഎഫ് പിൻതുണയോടെ അവിശ്വാസം കൊണ്ടുവരുവാനായിരുന്നു യുഡിഎഫ് നീക്കം. എന്നാൽ പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കില്ലെന്ന് വ്യക്തമായതോടെയാണ് പിന്മാറ്റം. എൽഡിഎഫ് പിന്തുണയില്ലാതെ പ്രമേയം കൊടുക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം.
കാപ്പ കേസിൽ കോർപറേഷൻ കൗൺസിലർ സുഗതൻ ജയിലിലായ പശ്ചാത്തലത്തിലാണ് യുഡിഎഫ് അവിശ്വാസ നീക്കവുമായി മുന്നോട്ടു പോയത്. മാത്രമല്ല അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് യുഡിഎഫ് ഇതുവരെ പരസ്യമായി പ്രഖ്യാപിക്കുകയോ, എൽഡിഎഫുമായി ചർച്ച നടത്തുകയോ ചെയ്തിരുന്നില്ല. ഇല്ലാത്ത കാര്യത്തിൽ എന്തിന് നിലപാടെടുക്കണമെന്നാണ് ഇതു സംബന്ധിച്ച് എൽഡിഎഫ് പ്രതികരിച്ചത്. പിന്തുണ തേടി യുഡിഎഫ് സമീപിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുഡിഎഫുമായി ചേർന്ന് അവിശ്വാസ പ്രമേയം കൊടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് എൽഡിഎഫ് നയപരമായ തീരുമാനം കൈക്കൊള്ളേണ്ടതായിട്ടുണ്ടെന്നും ഇതുവരെ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നുമായിരുന്നു ജോയ്‌യുടെ പ്രതികരണം. അതേസമയം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കോർപറേഷൻ കൗൺസിൽ യോഗം.
















































