ധാംബുള്ള: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഗ്രൂപ്പ് ഘട്ടത്തിലെ ‘വാക്കേറ്റ’വിവാദത്തിൽ ശ്രീലങ്കയ്ക്ക് ഫൈനലിൽ നല്ല കനത്തിൽ തന്നെ മറുപടി നൽകി വൈഭവ് സൂര്യവംശി. 11 പന്തിൽ 50 റൺസ് തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചറിയുടെ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു.
ടോസ് നേടിയ ശ്രീലങ്കയുടെ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കാനുള്ള തീരുമാനം പാളി എന്നു തെളിയിക്കുന്നതാണ് വൈഭവിന്റെ പ്രകടനം. താരം 29 ബോളിൽ 10 ഫോറും 8 സിക്സറുകളുമടക്കം 94 റൺസെടുത്ത് പുറത്തായി. ഓപ്പണിങ് ബാറ്റർമാരെ നഷ്ടപ്പെട്ട ഇന്ത്യ 13 ഓവർ പിന്നിട്ടപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എന്ന നിലയിലാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ശ്രീലങ്കൻ താരങ്ങളുമായി വൈഭവ് വാക്കേറ്റത്തിൽ ഏർപ്പെട്ടത് വിവാദമായിരുന്നു. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരം ലങ്ക ജയിച്ചതിനു പിന്നാലെയായിരുന്നു സംഭവം. വിജയാഹ്ലാദത്തിനിടെ ലങ്കൻ താരങ്ങൾ പ്രകോപനപരമായി സംസാരിച്ചതാണ് വൈഭവിനെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ക്രിക്ബസ് റിപ്പോർട്ട് പ്രകാരം, വൈഭവിനോട് ഹലംബഗെ ‘‘മത്സരം കഴിഞ്ഞു… ഇനി നീ വീട്ടിൽ പോ…’’ എന്ന് പറഞ്ഞതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഹലംബഗെയെ വൈഭവ് തള്ളിമാറ്റിയപ്പോൾ ലങ്കയുടെ രാജ്യാന്തര താരമായ നിരോഷൻ ധിക്‌വെല്ല ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
















































