ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീം ആരാധനാലയങ്ങൾക്കു നേരെയുള്ള ഭീഷണികളെക്കുറിച്ചുള്ള പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പരാമർശങ്ങൾ അസംബന്ധം എന്നും വിദ്വേഷത്തിൽ നിന്ന് ഉടലെടുത്ത “മനഃപൂർവ്വമായ രാഷ്ട്രീയ ആക്രമണം എന്നും ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായപ്പെടാൻ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ മുസ്ലിം സമുദായത്തെ രാജ്യത്തിനെതിരെ തിരിക്കുകയെന്ന ഗൂഢലക്ഷ്യവും പാക്കിസ്ഥാന്റെ പ്രസ്താവനയ്ക്ക് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
പാക്കിസ്ഥാന്റെ മനുഷ്യാവകാശ രേഖ വളരെ മോശമാണെന്നും, അവിടുത്തെ ന്യൂനപക്ഷങ്ങൾ നിരന്തരം പീഡനങ്ങൾ നേരിടുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. വിവിധ മതവിഭാഗങ്ങളിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അതിക്രമങ്ങൾ ലോകവ്യാപകമായി വിമർശിക്കപ്പെടുന്ന വിഷയമാണെന്നും രൺധീർ ജയസ്വാൾ പറഞ്ഞു. “മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ സ്വന്തം അഗാധമായ റെക്കോർഡ് കണക്കിലെടുക്കുമ്പോൾ ഈ അഭിപ്രായങ്ങൾ പ്രത്യേകിച്ച് അസംബന്ധമാണ്, ഇത് ആഗോള വിമർശന വിഷയമാണ്. വിവിധ വിശ്വാസങ്ങളിലുള്ള ന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി ലക്ഷ്യം വയ്ക്കുകയും ഇരകളാക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ദീർഘകാല ചരിത്രം കുപ്രസിദ്ധമാണ്,” അദ്ദേഹം പറഞ്ഞു. പ്രസിഡന്റിന്റെ പരാമർശങ്ങളെ പാക്കിസഥാന്റെ മതഭ്രാന്തിന്റെയും വിദ്വേഷത്തിന്റെയും ദേശീയ നയങ്ങളാൽ നയിക്കപ്പെടുന്ന ഒരു മനഃപൂർവമായ രാഷ്ട്രീയ ആക്രമണമായി മാത്രമേ വായിക്കാൻ കഴിയൂ- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള സംഘടനകൾ പാക്കിസ്ഥാനിൽ ഹിന്ദുക്കളെയും അഹ്മദിയ സമൂഹത്തെയുമെതിരെ മതപരമായ അതിക്രമങ്ങൾ തുടരുന്നതായി നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മതനിന്ദാ നിയമങ്ങളുമായി ബന്ധപ്പെട്ട ആക്രമണങ്ങളും അവിടെ തുടർച്ചയായി ഉയരുന്ന പ്രശ്നങ്ങളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതുപോലെ സർദാരിയുടെ പരാമർശങ്ങൾ പാക്കിസ്ഥാന്റെ മതവിദ്വേഷ നയങ്ങളാൽ പ്രേരിതമായ രാഷ്ട്രീയ നീക്കമാണെന്ന് ഇന്ത്യ ആരോപിച്ചു. “ഈ യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ പ്രസ്താവനകൾ വിദ്വേഷവും മതവിഭജനവും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ ആക്രമണമായി മാത്രമേ കാണാൻ കഴിയൂ,” എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വാരണാസിയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഗഞ്ച് ഷഹീദയ്ക്കും ഇന്ത്യയിലുടനീളമുള്ള മറ്റ് മുസ്ലീം സ്ഥലങ്ങൾക്കും ഭീഷണിയുണ്ടെന്നും പൊളിച്ചുനീക്കപ്പെടുമെന്ന ആരോപണം ഉന്നയിച്ചായിരുന്നു സർദാരിയുടെ എക്സ് പോസ്റ്റ്. എന്നാൽ ഇന്ത്യ ഈ ആരോപണങ്ങൾ തള്ളി, ആഭ്യന്തര വിഷയങ്ങളിൽ ഇടപെടരുതെന്ന നിലപാട് വീണ്ടും ആവർത്തിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വീണ്ടും കടുത്ത സംഘർഷാവസ്ഥയുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് ഈ വാക്കുതർക്കം ശ്രദ്ധ നേടുന്നത്.
















































