കൊല്‍ക്കത്ത: സ്വാതന്ത്ര്യത്തിന്റെ പാതയില്‍ ബംഗാള്‍ സഞ്ചരിക്കാന്‍ തുടങ്ങിയത് ഇപ്പോഴാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിഭക്തബംഗാളിനെ മുഴുവനായി പാകിസ്ഥാനില്‍ ഉള്‍പ്പെടുത്താന്‍ വിഭജനകാലത്ത് ശ്രമം നടന്നിരുന്നതായും രാഷ്ട്രീയ സാഹചര്യങ്ങളാല്‍ ഭൂതകാലം മറച്ചുവയ്ക്കുകയായിരുന്നെന്നും മോദി പറഞ്ഞു.
ബംഗാളിനെ മുഴുവനായി പാകിസ്ഥാന്‍ വിഴുങ്ങാന്‍ ശ്രമിച്ചതിന്റെ ചരിത്രം ഇന്നത്തെ യുവാക്കള്‍ അറിയണം. 1947 ജൂണ്‍ 20ന് അവിഭക്ത ബംഗാളിലെ ഹിന്ദു ഭൂരിപക്ഷ ജില്ലകളില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍ ബംഗാള്‍ നിയമസഭയില്‍ വിഭജനത്തിന് അനുകൂലമായും ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതിനും വോട്ട് ചെയ്തു, ഈ സംഭവവികാസമാണ് പശ്ചിമബംഗാളിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയതെന്ന് മോദി പറഞ്ഞു. ബംഗാളിനെ പാകിസ്ഥാനില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങളെ എതിര്‍ത്ത ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ മോദി അഭിനന്ദിച്ചു.
വിഭജന കാലത്ത് കോണ്‍ഗ്രസ് ഗൂഢാലോചന ശക്തികള്‍ക്ക് കീഴടങ്ങിയതായും പിന്നീട് ബംഗാള്‍ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും മോദി പറഞ്ഞു. ‘മുഴുവന്‍ ബംഗാളിനെയും പാകിസ്ഥാന്റെ ഭാഗമാക്കാന്‍ ശ്രമം നടന്നപ്പോള്‍ കോണ്‍ഗ്രസ് ഗൂഢാലോചന ശക്തികള്‍ക്ക് മുന്നില്‍ തലകുനിച്ചിരുന്നു. അപ്പോഴാണ് ശ്യാമ പ്രസാദ് മുഖര്‍ജി അതിനെതിരെ ശബ്ദമുയര്‍ത്തിയത്. ബംഗാളിനെ മുഴുവനായി ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ ഗൂഢാലോചന നടന്നപ്പോള്‍, അത് തകര്‍ക്കാനാണ് പശ്ചിമബംഗാള്‍ രൂപീകരിച്ചത്,’ അദ്ദേഹം പറഞ്ഞു.















































