തിരുവനന്തപുരം: രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പും ശേഷവുമുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വരുമാനം അന്വേഷിക്കണമെന്ന് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. അതുപോലെ തന്റെയും അന്വേഷിച്ചോളാൻ എംഎൽഎ പറഞ്ഞു. രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് രാഗേഷ് വയറിങ് തൊഴിലാളിയായിരുന്നു. വ്യക്തിപരമായി തന്നേക്കുറിച്ച് പറഞ്ഞാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞ ഗോവിന്ദൻ, രാഗേഷ് കൂടുതൽ പറയിപ്പിക്കേണ്ടെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടി.കെ ഗോവിന്ദൻ.
‘രാഷ്ട്രീയത്തിൽ വന്നതിന് ശേഷവും അതിന് മുമ്പുമുള്ള കെ.കെ.രാഗേഷിന്റെ വരുമാനവും അന്വേഷിക്കട്ടെ. എന്റെതും അന്വേഷിക്കട്ടെ. കൂടുതൽ പറയിപ്പിക്കാൻ രാഗേഷ് നിൽക്കേണ്ട. പാർട്ടിക്കൊപ്പം നിന്നസമയത്ത് പലതും ചർച്ചചെയ്തിട്ടുണ്ടാകും. പാർട്ടിയിൽനിന്ന് പോയതിന് ശേഷം അതെല്ലാം വിളിച്ചുപറയുന്നത് എന്റെ രീതിയല്ല. എന്നാൽ, എന്നേക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന് ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ അവരേക്കുറിച്ച് ഞാൻ പറയും. എന്റെ കൈവശം അവരെ കുറിച്ചുള്ള കാര്യങ്ങളൊക്കെയുണ്ട്. അത് രാഷ്ട്രീയത്തെ മലീമസമാക്കും’, ഗോവിന്ദൻ പറഞ്ഞു.
അതുപോലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യാഥാർഥ ഉത്തരവാദി പാർട്ടി നേതൃത്വമാണെന്നും എംഎൽഎ ആരോപിച്ചു. എന്നിട്ട് ജനങ്ങളുടെമേൽ കുറ്റം അടിച്ചേൽപ്പിക്കുന്നു. തെറ്റുപ്പറ്റിയെന്നും പിശകുകൾ തിരുത്താമെന്നും ജനങ്ങളോട് പറയുന്നതിന് പകരം ആളുകളെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ കണ്ടെത്തിയ ഒരു കാര്യവും പോളിറ്റ്ബ്യൂറോ അംഗമായിട്ടുള്ള മുൻ മുഖ്യമന്ത്രി മിണ്ടിയില്ല. കേന്ദ്ര കമ്മിറ്റി കണ്ടെത്തിയതല്ല തോൽവിക്ക് കാരണമെന്ന രീതിയിലാണ് തളിപ്പറമ്പിലും പയ്യന്നൂരിലും പിണറായി വിജയനടക്കമുള്ള നേതാക്കൾ വന്ന് സംസാരിച്ചതെന്നും ടി.കെ.ഗോവിന്ദൻ കൂട്ടിച്ചേർത്തു.






