അഹമ്മദാബാദ്: ‘സാർ ഞങ്ങൾ മോഷ്ടിക്കാൻ വന്നതാണ്. രക്ഷിക്കണം’. സ്‌റ്റേഷനിലേക്കുവന്ന ഫോൺ സന്ദേശംകേട്ട് പോലീസ് അമ്പരന്നു. സ്ഥലത്തു ചെന്നപ്പോൾ സംഭവം സത്യമാണ്. നാട്ടുകാരുടെ തല്ലു കൊള്ളുന്നതിനേക്കാൾ ജയിലിൽ പോകുന്നതാണ് നല്ലതെന്ന് മോഷ്ടാക്കൾ കരുതുകയായിരുന്നു.
ഗുജറാത്തിലെ വൽസാഡ് ജില്ലയിൽ വാപ്പിയിലെ സഞ്ജനിൽ ബി.ജെ. ജൂവലേഴ്‌സിൽ മോഷണത്തിനിറങ്ങിയതാണ് ദിനേഷ് സോങ്കറും വിപിൻ പാഠകും. എന്നാൽ, ഇവർ അകത്തുകയറുന്നത് കണ്ട് ചിലർ ഷട്ടർ പുറത്തുനിന്ന് പൂട്ടി.വടികളുമായി ആളുകളെ കൂട്ടി.
ഇതോടെ, മോഷ്ടാക്കൾ അകത്തുനിന്നും ഷട്ടർ പൂട്ടി. ഇത് തുറന്ന് ഇവരെ കൈകാര്യംചെയ്യാൻ ജനക്കൂട്ടം ശ്രമം തുടങ്ങി. ഗത്യന്തരമില്ലാതെ കള്ളൻമാർ പോലീസ് ഹെൽപ്പ് ലൈനിൽ വിളിച്ച് സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഉടനെ പോലീസെത്തി മോഷ്ടാക്കളെ തല്ലുകൊള്ളിക്കാതെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.






