തുറവൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരനും വീട്ടുകാരും പിന്മാറിയതിനെത്തുടന്നുണ്ടായ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. അരൂർ 23-ാം വാര്ഡില് കിഴക്കേ വേലിക്കകത്ത് അജയൻ-പ്യാരി ദമ്പതികളുടെ മകൾ അനഘയെ (25) ആണ് ഇന്നലെ പുലർച്ചെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആത്മഹത്യാപ്രേരണ ആരോപിച്ച് പ്രതിശ്രുതവരൻ വിഷ്ണുവിനും കുടുംബാംഗങ്ങൾക്കുമെതിരേ പെൺകുട്ടിയുടെ ബന്ധുക്കൾ അരൂർ പോലീസിൽ പരാതി നല്കി.
അബുദാബിയിൽ ജോലി ചെയ്യുന്ന വിഷ്ണുവും അനഘയും ഒരു വർഷം മുമ്പ് ഇന്സ്റ്റഗ്രാം വഴിയാണു പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് മെഡിക്കൽ ട്രാൻസ്പ്ഷൻ രംഗത്ത് ജോലി ചെയ്തിരുന്ന അനഘയും തൃശൂർ അന്നകര സ്വദേശി വിജയകുമാർ- സിനി ദമ്പതികളുടെ മകനുമായ വിഷ്ണുവും തമ്മിലുള്ള വിവാഹം നവംബറിൽ നടത്താൻ ഇരു വീട്ടുകാരും നേരത്തെ തീരുമാനിച്ചിരുന്നു.
വിവാഹ നിശ്ചയത്തിന്റെ ഭാഗമായി ഇരു കുടുംബങ്ങളും കഴിഞ്ഞ ഫെബ്രുവരിയിൽ വള കൈമാറ്റ ചടങ്ങും നടത്തി. ഇതിനിടെ പ്രതിശ്രുത വരനും വധുവും തമ്മിൽ ചെറിയ കാര്യങ്ങളെച്ചൊല്ലി ഫോണിലൂടെ തർക്കങ്ങൾ പതിവായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. പിന്നീട് കഴിഞ്ഞയാഴ്ച ഉണ്ടായ വഴക്കിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അനഘയുടെ വീട്ടുകാരെ വിഷ്ണുവിന്റെ മാതാപിതാക്കൾ ഫോണിൽ അറിയിച്ചു. അനുരഞ്ജനത്തിനായി അനഘയും ബന്ധുക്കളും വിഷ്ണുവിന്റെ വീട്ടിലെത്തി സംസാരിച്ചെങ്കിലും തീരുമാനത്തിൽ വരന്റെ കുടുംബം ഉറച്ചുനിന്നു. ഇതോടെ അനഘ കടുത്ത മനോവിഷമത്തിലായി എന്നാണു ബന്ധുക്കളുടെ മൊഴി.
വഴക്കു മാറുമെന്നും വിഷ്ണു തന്നെ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ വീട്ടുകാരെ അറിയിക്കാതെ അനഘ അബുദാബിയിലെത്തിയെങ്കിലും വരന്റെ നിലപാടിൽ മാറ്റമുണ്ടായില്ല. തുടർന്ന് ബുധനാഴ്ച നാട്ടിൽ തിരിച്ചെത്തിയ അനഘയെ ബന്ധുക്കൾ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. വീട്ടിലെത്തിയ ശേഷം ബന്ധം ഇനി തുടരുന്നില്ലെന്നും മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും അനഘ പറഞ്ഞിരുന്നു.
തുടർന്ന് രാത്രി ജോലിയുണ്ടെന്നു പറഞ്ഞ് മറ്റൊരു മുറിയിൽ കയറിയ അനഘ, വീട്ടുകാര് ഉറങ്ങിയശേഷം ജീവനൊടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നെട്ടൂർ ശാന്തിവനത്തിൽ സംസ്കരിച്ചു.






