ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ. രാജസ്ഥാൻ അൽവാർ സ്വദേശി ശ്യാബു ഖാനെയാണ് തമിഴ്നാട് പൊലീസിന്റെ ക്രൈം ബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിബി-സിഐഡി) അറസ്റ്റ് ചെയ്തത്.
രാജസ്ഥാനിലും മധ്യപ്രദേശിലും സിബി-സിഐഡി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സിപിയുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ചെന്നൈയിലെത്തിച്ച പ്രതിയെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഡീപ്ഫേക്ക് വീഡിയോകൾ പ്രചരിപ്പിച്ചതെന്ന് സിബി-സിഐഡി ഉദ്യോഗസ്ഥൻ പറഞ്ഞു. വിശദമായ സാങ്കേതിക വിശകലനത്തിലൂടെയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തതെന്ന് തമിഴ്നാട് പൊലീസ് മേധാവി മഹേഷ് കുമാർ അഗർവാൾ അറിയിച്ചു.
ശ്യാബു ഖാനൊപ്പം സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് വിജയ് ഹിന്ദിയിൽ സംസാരിക്കുന്ന തരത്തിലുള്ള ഡീപ്ഫേക്ക് വീഡിയോകൾ ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
സംഭവത്തിൽ സിബി-സിഐഡി ബിഎൻഎസ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മധ്യപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും ആളുകളെ തട്ടിപ്പിനിരയാക്കുന്നതിനായി വീഡിയോകൾ നിർമിച്ചതായാണ് സിബി-സിഐഡിയുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബി-സിഐഡി ഫെയ്‌സ്ബുക്കിനെയും സമീപിച്ചിരുന്നു.






