കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
കോഴിക്കോട് സ്വദേശികളായ വിനീഷ്-അഞ്ചു ദമ്പതികളുടെ ഒന്നരവയസ്സുള്ള മകളുടെ ശരീരത്തിലാണ് സൂചി കണ്ടെത്തിയതെന്നാണ് പരാതി. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ എൻഐസിയുവിലേക്ക് മാറ്റിയ സമയത്താണ് ചികിത്സാപിഴവ് സംഭവിച്ചതെന്നാണ് മാതാപിതാക്കളുടെ ആരോപണം.
സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതർ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. എന്നാൽ ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ.
അതേസമയം, സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. ചികിത്സയ്ക്കിടെ എങ്ങനെയാണ് കുഞ്ഞിന്റെ ശരീരത്തിൽ സൂചി എത്തിയതെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.






