ന്യൂഡൽഹി: രക്ഷാബന്ധൻ ആഭരണ പരസ്യത്തിലെ വസ്ത്രധാരണത്തെ ചൊല്ലി നടി കൃതി സനോണിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സ്ത്രീകൾ എന്ത് ധരിക്കണം, എന്ത് ചെയ്യണം, എവിടെ പോകണം എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
കൃതിയുടെ പരസ്യവുമായി ബന്ധപ്പെട്ട് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് നടത്തിയ വിമർശനത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ. കൃതി സനോൺ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രതികരണം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടുകൊണ്ടാണ് രാഹുൽ ഗാന്ധി പിന്തുണ അറിയിച്ചത്.
“ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നത് അവളുടെ തിരഞ്ഞെടുപ്പാണ്. സ്വന്തം സ്വാതന്ത്ര്യം ഉപയോഗിക്കുന്ന സ്ത്രീകളെ ട്രോൾ ചെയ്യുന്നത് അവസാനിപ്പിക്കൂ,” രാഹുൽ ഗാന്ധി കുറിച്ചു. അടുത്തിടെ പുണെയിൽ നടത്തിയ ‘ഛാത്രോൻ കി ഗൂഞ്ച്’ എന്ന വനിതാ റാലിയിൽ ഉപയോഗിച്ച #SmashThePatriarchy എന്ന ഹാഷ്‌ടാഗും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു.
അതേസമയം രക്ഷാബന്ധൻ പ്രമേയമാക്കിയ ആഭരണ ബ്രാൻഡിന്റെ പരസ്യത്തിലെ കൃതിയുടെ വസ്ത്രധാരണമാണ് വിവാദത്തിന് തുടക്കമിട്ടത്. കൃതി സനോൺ ഓഫ്-വൈറ്റ് നിറത്തിലുള്ള ബ്ലൗസ്, കേപ്പ്, ഡ്രേപ്പ് ചെയ്ത സ്കർട്ട് എന്നിവ ധരിച്ചാണ് പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. പരമ്പരാഗത ആഘോഷവുമായി ബന്ധപ്പെട്ട പരസ്യത്തിന് ഈ വസ്ത്രധാരണം അനുയോജ്യമല്ലെന്ന് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിച്ചു.
ഇതിനിടെ കങ്കണ റണാവത്ത് കൃതിയുടെ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിച്ചു. ലഭ്യമായ നിരവധി വസ്ത്രങ്ങളിൽ നിന്ന് എന്തുകൊണ്ടാണ് ബിക്കിനിയിലോ അടിവസ്ത്രത്തിലോ സഹോദരന് രാഖി കെട്ടുന്ന രീതിയിലുള്ള അവതരണം തെരഞ്ഞെടുത്തതെന്ന് കങ്കണ ചോദിച്ചു. പരസ്യത്തെ “ബോധപൂർവം അസ്വസ്ഥതയുണ്ടാക്കുന്ന” രീതിയിലുള്ളതെന്നും അവർ വിശേഷിപ്പിച്ചു.
പിന്നാലെ കൃതി നേരിട്ട് കങ്കണയുടെ പേര് പരാമർശിക്കാതെ മറുപടി നൽകി. ആഘോഷങ്ങളുടെ ആത്മാവ് ധരിക്കുന്ന വസ്ത്രത്തിലല്ലെന്നും പാരമ്പര്യങ്ങളോടുള്ള വികാരങ്ങളിലും അവയ്ക്കുള്ള അർഥത്തിലുമാണെന്നും നടി പറഞ്ഞു.
സ്ത്രീകൾ എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് മറ്റുള്ളവർ അവസാനിപ്പിക്കേണ്ട സമയമായെന്നും കൃതി ചോദിച്ചു. വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഒരു സ്ത്രീയുടെ സംസ്കാരത്തോടുള്ള ബഹുമാനം അളക്കുന്നതെന്നും, സംസ്കാരവും പാരമ്പര്യങ്ങളും ഹൃദയത്തിലാണെന്നും വസ്ത്രത്തിന്റെ അളവിലോ കഴുത്തിന്റെ ഭാഗത്തോ അല്ലെന്നും അവർ വ്യക്തമാക്കി.
രക്ഷാബന്ധൻ സംരക്ഷണത്തിന്റെ ബന്ധമാണെന്നും താനും സഹോദരി നൂപുർ സനോണും പരസ്പരം രാഖി കെട്ടാറുണ്ടെന്നും കൃതി പറഞ്ഞു. ഒരു സഹോദരന് കഴിയുന്നതു പോലെ പരസ്പരം സംരക്ഷിക്കാൻ തങ്ങൾക്കും കഴിയുമെന്ന് വിശ്വസിക്കുന്നതായും ഇരുവരുടെയും ആരോഗ്യത്തിനും സന്തോഷത്തിനും ദീർഘായുസിനുമായി പ്രാർഥിക്കുന്നതായും അവർ വ്യക്തമാക്കി. തങ്ങളുടെ നായ്ക്കളെയും കുടുംബത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും കൃതി കൂട്ടിച്ചേർത്തു.
കൃതിയുടെ സഹോദരി നൂപുർ സനോണും കങ്കണയുടെ പരാമർശത്തിനെതിരെ പ്രതികരിച്ചു. മറ്റൊരു സ്ത്രീ എന്ത് ധരിക്കുന്നു എന്നതിൽ ഇത്രയധികം അസ്വസ്ഥത തോന്നുന്നതെന്തിനാണെന്നും കാലത്തിനനുസരിച്ച് ചിന്താഗതിയും മാറണമെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതിനിടെ, പരസ്യത്തിലെ മറ്റൊരു രംഗവും വിമർശനത്തിന് ഇടയാക്കി. കൃതി ഒരു നായയ്ക്ക് രാഖി കെട്ടുന്ന രംഗമാണ് ചിലർ ചോദ്യം ചെയ്തത്. നായ കുരച്ചതിന് പിന്നാലെയാണ് കൃതി അതിന് രാഖി കെട്ടുന്നതായി പരസ്യത്തിൽ കാണിക്കുന്നത്.
അതേസമയം, കങ്കണ റണാവത്ത് തിങ്കളാഴ്ച നടത്തിയ മറ്റ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ താപ്സി പന്നു, രാഖി സാവന്ത്, സോനു സൂദ്, ആശുതോഷ് റാണ എന്നിവരെയും പരാമർശിച്ചിരുന്നു. മുൻപ് തന്നെക്കുറിച്ച് ഇവർ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കങ്കണയുടെ പ്രതികരണങ്ങൾ.






