കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം ഉടൻ രൂപീകരിക്കും. ഒൻപത് ദിവസം പിന്നിട്ടിട്ടും ശിവസൂര്യയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുന്നത്. തലശ്ശേരി എഎസ്പിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.
കഴിഞ്ഞ ശനിയാഴ്ചയാണ് ശിവസൂര്യ വീട്ടിൽനിന്ന് ഇറങ്ങിയത്. മൊബൈൽ ഫോൺ വാങ്ങിവച്ചതിനെ തുടർന്ന് വീട്ടിൽനിന്ന് പിണങ്ങി നാടുവിട്ടതാണെന്നാണ് കുടുംബം പറയുന്നത്. വീടിന് സമീപത്തെ പൂമരം ജംഗ്ഷനിലേക്ക് ശിവസൂര്യ പോകുന്നത് രണ്ട് പേർ കണ്ടിരുന്നു. എന്നാൽ ജംഗ്ഷനിലെ സിസിടിവി ക്യാമറകളിലൊന്നിലും കുട്ടിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.
കാണാതായതിന് പിന്നാലെ ചൊക്ലി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെത്തിയും പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇവിടങ്ങളിൽനിന്നും ശിവസൂര്യയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.
തെരച്ചിലിനായി പൊലീസ് നായയെ എത്തിച്ചത് കാണാതായി എട്ടാം ദിവസമായ ഇന്നലെയാണ്. എന്നാൽ വീടിന് അധികദൂരം നായ പോയില്ലെന്നും കുടുംബം പറയുന്നു. അന്വേഷണം കാര്യക്ഷമമാക്കണമെന്ന ആവശ്യവുമായി വീട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
കാശിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ശിവസൂര്യ വീട്ടിൽനിന്ന് ഇറങ്ങിയതെന്നാണ് വിവരം. അതേസമയം കുട്ടി മൈസൂരുവിലേക്ക് പോയിരിക്കാമെന്ന സംശയം കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഒൻപതാം ദിവസവും ശിവസൂര്യ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. തെരച്ചിൽ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നത്. പൊലീസ്, കുടുംബം, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ തെരച്ചിൽ തുടരുകയാണ്.




