തിരുവനന്തപുരം: കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിന്റെ പേരിൽ എസ്എഫ്ഐ നടത്തിയ സമരത്തിൽ ലാത്തിച്ചാർജിന് കാരണം എസ്എഫ്ഐയുടെ പ്രകോപനമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് കൺട്രോൾ റൂം അസിസ്റ്റൻറ് കമ്മീഷണറുടെ കഴുത്തിൽ പിടിച്ചുവെന്നും പോലീസ് കണ്ടെത്തി. സമരത്തിലെ കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ സർവകലാശാലയിലേക്ക് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഗവർണറോടൊപ്പം ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണും കായിക മന്ത്രി ഒ.ജെ ജനീഷും വേദിയിലുണ്ടായിരുന്നു.
അതേസമയം പ്രോട്ടോക്കോൾ അനുസരിച്ചുള്ള പരിപാടിയായതിനാലാണ് വന്ദേമാതരം ആലപിച്ചതെന്ന് ഔദ്യോഗിക വിശദീകരണം സർക്കാർ നടത്തിയെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയിരുന്നില്ല. പകരം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.






