ബെംഗളൂരു: നാല് മാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന പരാതിയിൽ 40കാരിയായ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിന് പിന്നാലെ യുവതി സ്വന്തം ജീവനൊടുക്കാനും ശ്രമിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
വജ്രഹള്ളിയിലായിരുന്നു ദാരുണ സംഭവമുണ്ടായത്. ഭർത്താവ് രാമലിംഗപ്പ, ഭാര്യ ഉമാദേവി, ഇരട്ട പെൺകുഞ്ഞുങ്ങൾ, ഭർതൃമാതാവ് എന്നിവരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. 2002ലാണ് രാമലിംഗപ്പയും ഉമാദേവിയും വിവാഹിതരായത്. ഏറെക്കാലം കുട്ടികളില്ലാതിരുന്നതിനാൽ ഇരുവരും ഐവിഎഫ് ചികിത്സ തേടിയിരുന്നു. തുടർന്ന് ഉമാദേവി ഗർഭിണിയാകുകയും മേയ് അഞ്ചിന് ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു.
പ്രസവം കഴിഞ്ഞ് ഏകദേശം ഒന്നര മാസത്തിന് ശേഷം ഉമാദേവിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ഭർത്താവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുട്ടികളോട് താൽപര്യമില്ലാത്ത രീതിയിൽ പെരുമാറിയിരുന്നെന്നും കുഞ്ഞുങ്ങളെ ആശ്രമത്തിൽ ഏൽപ്പിക്കണമെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നതായും പോലീസ് വ്യക്തമാക്കി. പിന്നീട് ഇവരുടെ പെരുമാറ്റം അസാധാരണമായി മാറിയതായും പോലീസ് പറഞ്ഞു.
തുടർന്ന് ഉമാദേവിക്ക് രാഘവേന്ദ്ര ആശുപത്രിയിലും നിംഹാൻസിലും മാനസികാരോഗ്യ ചികിത്സ നൽകിയിരുന്നു. പ്രസവാനന്തര വിഷാദരോഗവും പ്രസവശേഷമുള്ള ഹോർമോൺ വ്യതിയാനങ്ങളുമാണ് പെരുമാറ്റത്തിലെ മാറ്റങ്ങൾക്ക് കാരണമെന്നാണ് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സെപ്റ്റംബർ ഒന്നിന് ഉച്ചയോടെ വീട്ടിലെത്തിയ രാമലിംഗപ്പ, ഉമാദേവി ഒരു മുറിക്കുള്ളിൽ കയറി വാതിൽ പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വാതിൽ തുറന്നപ്പോൾ കഴുത്തിൽ ഒരു വസ്ത്രം ചുറ്റി തൂങ്ങിമരിക്കാൻ ശ്രമിക്കുന്ന നിലയിലാണ് അവരെ കണ്ടെത്തിയത്. തുടർന്ന് ഭർത്താവ് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
അതേസമയം, ഇതേ മുറിയിൽ നാല് മാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെയും മരിച്ച നിലയിൽ കണ്ടെത്തി. ശങ്കർ ആശുപത്രിയിലെ ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചപ്പോൾ വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു.
കുഞ്ഞുങ്ങളുടെ മരണത്തിന് ഉത്തരവാദി ഉമാദേവിയാണെന്നും തുടർന്ന് അവർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നുമാണ് ഭർത്താവ് പരാതിയിൽ ആരോപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ തലഘട്ടപുര പോലീസ് ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പ് 103 പ്രകാരം കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.






