സേലം: വയോധികയ്ക്ക് സ്വന്തം സൺഗ്ലാസ് സമ്മാനിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സേലത്തുവെച്ചായിരുന്നു സംഭവം. ക്രിസ്റ്റ്യൻ ഡിയോർ ബ്രാൻഡിന്റെ സൺഗ്ലാസാണ് വിജയ് വയോധികയ്ക്ക് സമ്മാനിച്ചത്. 40,000 രൂപയിലേറെയാണ് കണ്ണടയുടെ വിലയെന്നാണ് റിപ്പോർട്ടുകൾ. വിജയ് വയോധികയ്ക്ക് സൺഗ്ലാസ് സമ്മാനിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
കാവേരി ഡെൽറ്റയിലെ സാംബ നെൽകൃഷിക്കായി വെള്ളം തുറന്നുവിടുന്നതിന്റെ ഭാഗമായി മേട്ടൂർ ഡാമിന്റെ ഷട്ടർ ഉയർത്താനാണ് ചൊവ്വാഴ്ച വിജയ് സേലത്തെത്തിയത്. മേട്ടൂരിലെ ജലവൈദ്യുത പദ്ധതി സന്ദർശിച്ച ശേഷം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ വിജയ് അപ്രതീക്ഷിതമായി വാഹനം നിർത്തുകയായിരുന്നു. വയലിൽ ജോലി ചെയ്യുകയായിരുന്ന പ്രായമായ സ്ത്രീകളെ കണ്ടതോടെയാണ് അദ്ദേഹം വാഹനം നിർത്തിയത്.
തുടർന്ന് വിജയ് ഇവരുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെ ചെല്ലം എന്ന സ്ത്രീ മുന്നോട്ടുവന്ന് വിജയ്‌യുടെ കൈപിടിച്ചു. തുടർന്ന് അവരുമായി സംസാരിച്ച വിജയ്, കൈപിടിച്ചുകൊണ്ടുതന്നെ പൂന്തോട്ടത്തിലൂടെ നടക്കുകയും ചെയ്തു. ഇതിനിടെയാണ് തന്റെ സൺഗ്ലാസ് വിജയ് ചെല്ലത്തിന് സമ്മാനിച്ചത്. കണ്ണട വാങ്ങാൻ ചെല്ലം ആദ്യം മടിച്ചെങ്കിലും വിജയ് തന്നെ അത് അവരുടെ കണ്ണിൽ വെച്ചുകൊടുക്കുകയായിരുന്നു.
“സിനിമയിൽ കാണുന്നത് പോലെ തന്നെയാണ് അദ്ദേഹത്തെ നേരിട്ട് കാണാനും. എനിക്ക് ഭയങ്കര സന്തോഷമായി. ആരെങ്കിലും അദ്ദേഹത്തെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഞാൻ ഉണ്ടാകും അത് തടയാനെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ ഭക്ഷണം കഴിച്ചോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഇല്ല എന്ന് ഞാൻ പറഞ്ഞു. കാരണം, അദ്ദേഹത്തെ കാണാനായി കാത്തുനിൽക്കുകയായിരുന്നു ഞാൻ,” ചെല്ലം പിന്നീട് പറഞ്ഞു.
വിജയ്‌യെ കണ്ട സന്തോഷത്തിൽ തന്റെ പ്രശ്‌നങ്ങൾ അദ്ദേഹത്തോട് പറയാൻ മറന്നുപോയെന്നും ചെല്ലം പറഞ്ഞു. വിജയ് ഭക്ഷണം കഴിച്ചിരുന്നെന്നും തന്നോട് പോയി ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെന്നും അവർ വ്യക്തമാക്കി.
ഏകദേശം 15 മിനിറ്റോളം വിജയ് അവിടെ ചെലവഴിച്ചു. ഇതിനിടെ ഒത്തുകൂടിയവർക്ക് സാരികളും മുണ്ടുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങളും അദ്ദേഹം നൽകി.
#WATCH | Salem | Tamil Nadu CM Joseph Vijay visits the house of a farmer and gifts his glasses to an elderly woman in Mettur
(Source: TN CMO) https://t.co/VQy07Jy7kt pic.twitter.com/NhZN3FfXmF
— ANI (@ANI) September 1, 2026






