ഇടുക്കി: വാഗമണ്ണിൽ ആറും എട്ടും വയസുള്ള കുട്ടികളെ ലൈംഗികമായി അതിക്രമിച്ച കേസിൽ ബന്ധുവായ ഇരുപതുകാരിക്കെതിരേ കേസ്. കേസിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അതേസമയം കേസിൽ പോലീസിൻറെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ പോലീസ് അറസ്റ്റ് വൈകിച്ചതാണെന്നും ആരോപിച്ച് കുട്ടികളുടെ കുടുംബം രംഗത്തെത്തി.
കുട്ടികളുടെ കുടുംബം പറയുന്നതിങ്ങനെ- കഴിഞ്ഞ മേയ് 10, 16 തീയതികളിലാണ് കുട്ടികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പോലീസ് കേസെടുത്തത്. എന്നാൽ ജൂൺ 21ന് മാത്രമാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ തയാറായത്. പോലീസിൻറെ ഈ നിസംഗത പ്രതിക്ക് കോടതിയിൽ പോയി മുൻകൂർ ജാമ്യം നേടാൻ അവസരമൊരുക്കിയെന്ന് കുടുംബം ആരോപിച്ചു.
കൂടാതെ പരാതി നൽകിയതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ തങ്ങളോട് വളരെ മോശമായാണ് പെരുമാറിയതെന്നും കുട്ടികളുടെ കുടുംബം പ്രതികരിച്ചു. കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.


















































