കോഴിക്കോട്: സംസ്ഥാന മന്ത്രിസഭ പുനഃസംഘടന ഉടൻ നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനമൊരുക്കാമെന്നും വാഗ്ദാനം ചെയ്ത് എലത്തൂർ എം.എൽ.എ. വിദ്യാ ബാലകൃഷ്ണന് തട്ടിപ്പ് ഫോൺവിളി. വയനാട് എം.പി.യുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് അജ്ഞാതൻ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടത്. എം.എൽ.എയുടെ പരാതിയിൽ കോഴിക്കോട് സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
ജൂലൈ ആറിനാണ് വാട്‌സ്ആപ്പ് കോൾ ലഭിച്ചത്. വയനാട് എം.പി.യുടെ ഓഫീസിലെ ‘രാജ്കുമാർ’ ആണെന്ന് പരിചയപ്പെടുത്തിയ ഇയാൾ, ജില്ലയിലെ ഒരു എം.പി.യാണ് ഫോൺ നമ്പർ നൽകിയതെന്നും ഇംഗ്ലീഷിലായിരുന്നു സംഭാഷണമെന്നും എം.എൽ.എ വ്യക്തമാക്കി. സംസാരത്തിനിടെ സംശയം തോന്നിയ വിദ്യാ ബാലകൃഷ്ണൻ പണം നൽകാമെന്ന് പറഞ്ഞ് സംഭാഷണം തുടർന്നു.
തുടർന്ന് ഫോൺ നമ്പർ നൽകിയെന്നു പറഞ്ഞ എം.പി.യെ വിവരം അറിയിച്ചപ്പോൾ, എ.ഐ.സി.സി. ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ച് ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ ഫോൺ നമ്പർ വാങ്ങിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതോടെ ഇരുവരും പാർട്ടി നേതൃത്വത്തെയും പ്രിയങ്ക ഗാന്ധിയുടെ ഓഫീസിനെയും ബന്ധപ്പെട്ടു. അവിടെ നിന്ന് ഇത്തരമൊരു ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ജൂലൈ 11-ന് സൈബർ സെല്ലിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫോൺവിളി ഡൽഹിയിൽ നിന്നാണെന്ന് സൈബർ സെൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും ഇക്കാര്യത്തിൽ പാർട്ടിയാണ് നിലപാട് അറിയിക്കേണ്ടതെന്നും വിദ്യാ ബാലകൃഷ്ണൻ പ്രതികരിച്ചു.


















































