കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി രോഗിയുടെ കുടുംബം. ഇവിടെ നിന്നു വിരലിനു സ്റ്റിച്ചിട്ട ഒൻപതുവയസുകാരൻറെ കൈവിരലിൻറെ ചലനശേഷി നഷ്ടപ്പെട്ടതായാണ് ആരോപണം. കുന്നത്തറ സ്വദേശി സനൽ രാജിൻറെ മകൻറെ ഇടതുകൈയിലെ വിരലിൻറെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്.
ഫെബ്രുവരി 15ന് ആയിരുന്നു കുപ്പിചില്ലുകൊണ്ട് കൈ മുറിഞ്ഞതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മുറിവിൽ തുന്നലിട്ടിരുന്നു. തുന്നൽ എടുക്കാൻ എത്തിയപ്പോഴാണ് കുട്ടിയുടെ വിരലിൻറെ ചലനശേഷി നഷ്ടപ്പെട്ടതായി മനസിലായത്. പിന്നാലെ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ തന്നെ കാണിച്ചപ്പോൾ ഞരമ്പിന് തകരാർ സംഭവിച്ചതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി കുടുംബം പറയുന്നു. ചികിത്സാപ്പിഴവിനെ തുടർന്നാണ് മകന് ദുരനുഭവം നേരിട്ടതെന്നും ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.


















































