സുൽത്താൻബത്തേരി: കോടതി സൂക്ഷിക്കാനായി പോലീസിനെ ഏൽപ്പിച്ച പുകയില ഉത്പന്നങ്ങൾ പോലീസ് സ്റ്റേഷനിൽനിന്ന് മോഷണംപോയി. ബത്തേരി പോലീസ് സ്റ്റേഷൻ വളപ്പിലെ കെട്ടിടത്തിലെ പൂട്ടിയ മുറിയിൽ സൂക്ഷിച്ചിരുന്ന ഏഴുചാക്ക് പുകയില ഉത്പന്നങ്ങളാണ് കാണാതായത്. സംഭവം സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജൂൺ ഏഴിനാണ് ബീനാച്ചി ദൊട്ടപ്പൻകുളത്ത് പള്ളിക്കണ്ടി സ്വദേശി ഇസ്ഹാഖ് താമസിച്ചിരുന്ന വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. അലമാരയ്ക്ക് പിന്നിൽ രഹസ്യ അറയുണ്ടാക്കി ഏഴുചാക്കുകളിലായി സൂക്ഷിച്ചിരുന്ന 12,000 പാക്കറ്റ് ഹാൻസും 1,800 പാക്കറ്റ് കൂൾലിപ്പും പോലീസ് പിടിച്ചെടുത്തിരുന്നു. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽനിന്ന് ഒരു ചാക്ക് പുകയില ഉത്പന്നവും പിടിച്ചെടുത്തു.
പിടിച്ചെടുത്ത തൊണ്ടിമുതലുകൾ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയിരുന്നു. കോടതി സ്വീകരിച്ച ഇവ പിന്നീട് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പോലീസിന് കൈമാറി. ജൂൺ 26 മുതൽ പോലീസ് സ്റ്റേഷൻ വളപ്പിലെ കെട്ടിടത്തിലെ മുറിയിലാണ് തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്നത്.
പൂട്ടിയ മുറിയുടെ താക്കോൽ അസി. സ്റ്റേഷൻ റൈറ്ററുടെ മേശവലിപ്പിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെനിന്ന് താക്കോൽ കൈവശപ്പെടുത്തി മുറി തുറന്ന് അകത്തുകയറി തൊണ്ടിമുതൽ മോഷ്ടിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
വ്യാഴാഴ്ച വൈകീട്ട് നാലോടെ സ്റ്റേഷൻ റൈറ്ററുടെ നേതൃത്വത്തിൽ മുറി വൃത്തിയാക്കുന്നതിനായി തുറന്നപ്പോഴാണ് തൊണ്ടിമുതലുകൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എസ്.എച്ച്.ഒയുടെയും മറ്റ് പോലീസുകാരുടെയും നേതൃത്വത്തിൽ സ്റ്റേഷനിലും മുറികളിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും പുകയില ഉത്പന്നങ്ങൾ കണ്ടെത്താനായില്ല. എസ്.എച്ച്.ഒയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
24 മണിക്കൂറും പോലീസുകാരുടെ സാന്നിധ്യവും സുരക്ഷയുമുള്ള പോലീസ് സ്റ്റേഷനിൽനിന്ന് ഇത്രയധികം തൊണ്ടിമുതൽ മോഷണംപോയത് ദുരൂഹത ഉയർത്തിയിട്ടുണ്ട്. മുറിയുടെ താക്കോൽ കൈവശപ്പെടുത്താനും പൂട്ടുതുറക്കാനും പോലീസിനുള്ളിലെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പുറത്തുനിന്നെത്തിയ ഒരാൾക്ക് പോലീസിന്റെ നിരീക്ഷണത്തിനിടയിൽ ഇത്രയും സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ എളുപ്പമല്ലെന്ന വിലയിരുത്തലുമുണ്ട്.
പുകയില നിരോധന നിയമപ്രകാരമുള്ള കേസുകളിൽ പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകൾ കോടതി നിർദേശപ്രകാരം നശിപ്പിക്കുന്നതുവരെ സാധാരണയായി പോലീസ് സ്റ്റേഷനുകളിലാണ് സൂക്ഷിക്കുന്നത്. വിവിധ കേസുകളിലെ മറ്റ് തൊണ്ടിമുതലുകളും സുൽത്താൻബത്തേരി സ്റ്റേഷനിലുണ്ട്. അതീവ സുരക്ഷയോടെ സൂക്ഷിക്കേണ്ട വസ്തുക്കളാണ് ഇത്തരത്തിൽ കാണാതായിരിക്കുന്നത്.
രണ്ടരമാസത്തോളം സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട വിവരം ഇത്രയും വൈകിയാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതെന്നതും ഗൗരവത്തോടെയാണ് കാണുന്നത്. പോലീസ് സ്റ്റേഷന്റെ മിക്ക ഭാഗങ്ങളിലും സി.സി.ടി.വി. ക്യാമറകളുണ്ടെങ്കിലും തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് ക്യാമറയുടെ ദൃശ്യം ലഭിക്കില്ലെന്നാണ് വിവരം.
അതേസമയം, കേസിലെ പ്രതിയായ ഇസ്ഹാഖ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. തൊണ്ടിമുതൽ മോഷണത്തിന് പിന്നിൽ ആരൊക്കെയുണ്ടെന്നും മോഷണം നടന്നത് എങ്ങനെയാണെന്നും കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.






