കൊച്ചി: രാജ്യത്തെ വൈദ്യുതി ആവശ്യം സർവകാല റെക്കോഡിൽ. ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യമുള്ള പീക്ക് സമയത്തെ ഡിമാൻഡ് കഴിഞ്ഞ ദിവസം 2.67 ലക്ഷം മെഗാവാട്ടിലെത്തി. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2.32 ലക്ഷം മെഗാവാട്ടായിരുന്നു ആവശ്യം. ഈ വർഷം ഏപ്രിലിൽ രേഖപ്പെടുത്തിയ 2.56 ലക്ഷം മെഗാവാട്ടായിരുന്നു ഇതുവരെയുള്ള ഉയർന്ന നിരക്ക്.
വൈദ്യുതി ആവശ്യം ഇനിയും ഉയരാനാണ് സാധ്യത. ഇതോടെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് ആശങ്ക. രാജ്യത്തെ വൈദ്യുതി ഗ്രിഡ് നിയന്ത്രിക്കുന്ന ഗ്രിഡ് ഇന്ത്യയുടെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ വൈദ്യുതി കമ്മി നേരിടുന്നത് തമിഴ്നാടാണ്. 912 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്തുള്ളത്. 639 മെഗാവാട്ടിന്റെ കമ്മിയുമായി കേരളമാണ് രണ്ടാം സ്ഥാനത്ത്. 313 മെഗാവാട്ട് കുറവുള്ള രാജസ്ഥാൻ മൂന്നാം സ്ഥാനത്താണ്.
രാജ്യത്തെ അഞ്ച് മേഖലകളായി തിരിച്ചാണ് ഗ്രിഡ് ഇന്ത്യ ഗ്രിഡ് നിയന്ത്രിക്കുന്നത്. കിഴക്കൻ മേഖലയൊഴികെ മറ്റ് നാല് മേഖലകളും നിലവിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്നുണ്ട്.
കേരളത്തിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യം രാത്രിയിലാണെങ്കിൽ വ്യവസായ സ്ഥാപനങ്ങൾ കൂടുതലുള്ള ഉത്തരേന്ത്യയിൽ പകൽ സമയത്താണ് ആവശ്യം ഉയരുന്നത്. രാജ്യത്തെ വൈദ്യുതി ആവശ്യം 2.67 ലക്ഷം മെഗാവാട്ടെന്ന റെക്കോഡ് രേഖപ്പെടുത്തിയത് വൈകിട്ട് 3.48നാണ്.
ഉത്തരേന്ത്യയിൽ നവരാത്രി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് വൈദ്യുതി ഉപഭോഗം സാധാരണയായി ഉയരാറുണ്ട്. ഒക്ടോബർ പകുതിയോടെ ഉപഭോഗം വീണ്ടും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കുന്നതിലും വെല്ലുവിളി നേരിടേണ്ടിവരുമെന്നാണ് ആശങ്ക.
വെള്ളിയാഴ്ച കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം 9.63 കോടി യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 8.94 കോടി യൂണിറ്റായിരുന്നു. കേരളത്തിന്റെ പീക്ക് ഡിമാൻഡ് വ്യാഴാഴ്ച 5045 മെഗാവാട്ടായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 4443 മെഗാവാട്ടായിരുന്നു പീക്ക് ഡിമാൻഡ്.
സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ നിർണായക തീരുമാനമെടുക്കേണ്ട തസ്തിക ഒഴിഞ്ഞുകിടക്കുന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു. കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്ററിലാണ് പുറമേനിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ട വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ്.
എന്നാൽ ഈ തസ്തിക രണ്ടുമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. വൈദ്യുതി ആവശ്യം കുതിച്ചുയരുകയും സംസ്ഥാനത്ത് വൈദ്യുതി കമ്മി രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിർണായക ചുമതലയുള്ള തസ്തിക ഒഴിഞ്ഞുകിടക്കുന്നത്.






