ബെംഗളൂരു: ഒരു കളിയുടെ തുടക്കത്തിൽ തന്നെ തോൽവി പ്രവചിക്കാനാവുമോ… ആകും എന്നാണ് ഇന്നലത്തെ ബെംഗളൂരു- ഗുജറാത്ത് മത്സരം കണ്ട ആർക്കും മനസിലാവുക. കാരണം ഇന്ത്യൻ ക്രിക്കറ്റിലെ ‘ചേസ് മാസ്റ്റർ’ വിരാട് കോലിയെ സംപൂജ്യനായി പുറത്താക്കാനുള്ള അവസരമാണ് ആദ്യ ഓവറിലെ മൂന്നാം ബോളിൽ അവർ നഷ്ടമാക്കിയത്. മുഹമ്മദ് സിറാജിന്റെ പന്തിൽ വാഷിങ്ടൻ സുന്ദറിലൂടെ നിലംതൊട്ടത് ഗുജറാത്തിന്റെ തോൽവിയിലേക്ക് കൂടിയാണ്.
പിന്നീട് പിടിച്ചുകെട്ടാനായില്ല കിംഗ് കോലിയെ. വിരാട് കോലിയുടെയും (44 പന്തിൽ 81), ദേവ്‌ദത്ത് പടിക്കലിന്റെയും (27 പന്തിൽ 55) അർധ സെഞ്ചുറിക്കരുത്തിൽ ഗുജറത്തിനെ അഞ്ച് വിക്കറ്റിനാണ് ആർസിബി തോൽപ്പിച്ചത്. ഗുജറാത്ത് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ബെംഗളൂരു മറികടന്നത്. ഇതോടെ ആദ്യ ഇന്നിങ്സിൽ ഗുജറാത്ത് ഓപ്പണർ സായ് സുദർശൻ (58 പന്തിൽ 100) നേടിയ സെഞ്ചുറി പാഴായി. ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ രണ്ടാമതായി. പരാജയത്തോടെ ഗുജറാത്ത് ഏഴാമതുമായി.
മറുപടി ബാറ്റിങ്ങിൽ, ജേക്കബ് ബെതേലും വിരാട് കോലിയും മെല്ലെയാണ് ചേസിങ്ങിനു തുടക്കമിട്ടത്. ആദ്യ രണ്ട് ഓവറിൽ 15 റൺസ് മാത്രമാണ് നേടിയത്. മൂന്നാം ഓവറിൽ ബെതേലിനെ (10 പന്തിൽ 14) മുഹമ്മദ് സിറാജ് പുറത്താക്കുകയും ചെയ്തു. പിന്നീട് മൂന്നാമനായി ദേവ്‌ദത്ത് പടിക്കലെത്തിയതോടെയാണ് ആർസിബി സ്കോർബോർഡ് ചലിച്ചുതുടങ്ങി. നേരിട്ട ആദ്യ പന്തു തന്നെ സിക്സർ പറത്തി പടിക്കൽ നയം വ്യക്തമാക്കി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 58 എന്ന നിലയിലായിരുന്നു ആർസിബി.
പിന്നീടങ്ങോട്ട് പടിക്കലും കോലിയും ഒരുപോലെ കളംനിറഞ്ഞതോടെ ആർസിബി സ്കോർ കുതിച്ചു. 21 പന്തിൽ പടിക്കൽ അർധസെഞ്ചുറി തികച്ചു. 30 പന്തിലാണ് കോലി അർധസെഞ്ചുറി തൊട്ടത്. 13–ാം ഓവറിൽ പടിക്കലിനെ റാഷിദ് ഖാൻ പുറത്താക്കുമ്പോൾ ആർസിബി സ്കോർ 141ൽ എത്തിയിരുന്നു. രണ്ടാം വിക്കറ്റിൽ 115 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. തൊട്ടടുത്ത ഓവറിൽ കോലിയെ ജയ്സൻ ഹോൾഡറും വീഴ്ത്തി. എങ്കിലും ‘ഓറഞ്ച് ക്യാപ്’ തലയിലാക്കിയാണ് കോലി മടങ്ങിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ രജത് പാട്ടീദാർ (5 പന്തിൽ 8), ജിതേഷ് ശർമ (10 പന്തിൽ 6) എന്നിവർ പെട്ടെന്നു മടങ്ങിയെങ്കിലും ക്രുണാൽ പാണ്ഡ്യ (12 പന്തിൽ 23*), ടിം ഡേവിഡ് (9 പന്തിൽ 10*) എന്നിവർ ചേർന്ന് ആർസിബിയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു
ആദ്യം ബാറ്റ് ചെയ്ത സായ് സുദർശന് മാത്രമാണ് ഗുജറാത്ത് നിരയിൽ തിളങ്ങാൻ സാധിച്ചത്. സെഞ്ചുറി (100) തികച്ചായിരുന്നു താരത്തിന്റെ മടക്കം. ശുഭ്മാൻ ഗിൽ (32), ജോസ് ബട്‌ലർ (25) എന്നിവരാണ് ഗുജറാത്ത് നിരയിൽ പുറത്തായ മറ്റുതാരങ്ങൾ. വാഷിംഗ്ടൺ സുന്ദർ (19), ജേസൺ ഹോൾഡർ (23) പുറത്താവാതെ നിന്നു.
















































