മുംബൈ: പ്ലാസ്റ്റിക് കറൻസി പദ്ധതി പ്രായോഗികമാക്കാനുള്ള നീക്കവുമായി റിസർവ് ബാങ്ക്. 10 വർഷം മുമ്പ് സാങ്കേതിക തടസങ്ങൾ മൂലം ഉപേക്ഷിച്ച പദ്ധതി പുതുക്കി പരിഗണിക്കാനാണ് നീക്കം. നോട്ടുകളുടെ ഈടുനിൽപ്പ് വർധിപ്പിക്കാനും അച്ചടി ചെലവ് കുറയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പോളിമർ നോട്ടുകൾ വീണ്ടും ചർച്ചയാകുന്നത്. ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായിട്ടും രാജ്യത്തെ വിനിമയ കറൻസിയുടെ അളവ് സർവകാല റെക്കോഡിലെത്തിയ പശ്ചാത്തലവും നിർണായക ഘടകമായി മാറിയിട്ടുണ്ട്.
റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം മേയ് 15-നോടെ വിനിമയത്തിലുള്ള കറൻസിയുടെ മൊത്തമൂല്യം 42.86 ലക്ഷം കോടി രൂപയായി. മുൻവർഷത്തേക്കാൾ 11.5 ശതമാനം വർധനവാണിത്. ഇതോടെ കൂടുതൽ ബാങ്ക് നോട്ടുകൾ അച്ചടിക്കേണ്ട സാഹചര്യം രൂപപ്പെട്ടു. 2024-25 സാമ്പത്തിക വർഷത്തിൽ നോട്ടടിക്കാനുള്ള ചെലവ് 6372.8 കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 24.9 ശതമാനം കൂടുതലാണിത്. ബാങ്ക് നോട്ടുകളുടെ ആവശ്യകത ഉയർന്നതാണ് ചെലവ് വർധനവിന് പ്രധാന കാരണം.
ഇതിനൊപ്പം കേടാകുന്ന നോട്ടുകളുടെ വർധനയും റിസർവ് ബാങ്കിന് വെല്ലുവിളിയാകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 2380 കോടി കേടായ നോട്ടുകളാണ് നശിപ്പിച്ചത്. മുൻവർഷത്തെക്കാൾ 12.3 ശതമാനം കൂടുതലാണിത്. ഏറ്റവും കൂടുതൽ കേടുവരുന്നത് 500 രൂപ നോട്ടുകൾക്കാണ്. തൊട്ടുപിന്നാലെ 100 രൂപ നോട്ടുകളും. നിലവിൽ ഉപയോഗിക്കുന്ന പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കുന്നതിനാൽ പോളിമർ നോട്ടുകൾ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
പോളിമർ നോട്ടുകളുടെ മറ്റൊരു പ്രത്യേകത ജലപ്രതിരോധ ശേഷിയും കൂടുതൽ സുരക്ഷാ സംവിധാനങ്ങളും ആണെന്നതാണ്. വ്യാജനോട്ടുകൾ തടയുന്നതിനും ഇത്തരം നോട്ടുകൾ കൂടുതൽ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവിലെ എടിഎം സംവിധാനങ്ങൾ പോളിമർ നോട്ടുകൾ തിരിച്ചറിയാനും വിതരണം ചെയ്യാനും സജ്ജമാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
പ്ലാസ്റ്റിക് നോട്ടുകൾ ഇന്ത്യയിൽ പുതുമയല്ല. 2012ൽ യുപിഎ സർക്കാരിന്റെ കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് നഗരങ്ങളിൽ 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സാങ്കേതിക വെല്ലുവിളികളും വിതരണപ്രശ്നങ്ങളും കാരണം പദ്ധതി നടപ്പായില്ല. പിന്നീട് വിഷയം സജീവ പരിഗണനയിൽ നിന്നൊഴിഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സാങ്കേതിക വിദ്യയിൽ ഉണ്ടായ മുന്നേറ്റമാണ് പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാൻ കാരണമായിരിക്കുന്നത്.
ലോകത്തെ അറുപതിലധികം രാജ്യങ്ങൾ ഇതിനോടകം പോളിമർ കറൻസിയിലേക്ക് മാറിയിട്ടുണ്ട്. 1988ൽ ഓസ്ട്രേലിയയാണ് ആദ്യമായി പ്ലാസ്റ്റിക് നോട്ടുകൾ അവതരിപ്പിച്ചത്. പിന്നാലെ കാനഡ, സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇതേ മാതൃക പിന്തുടർന്നു. കൂടുതൽ കാലം ഉപയോഗിക്കാനാകുന്നതിനാൽ ദീർഘകാലത്തിൽ ചെലവ് കുറയ്ക്കാൻ പോളിമർ നോട്ടുകൾ സഹായിക്കുമെന്നാണ് വിവിധ രാജ്യങ്ങളുടെ അനുഭവം.അമേരിക്കൻ ഡോളർ നോട്ടുകൾ നിർമിക്കുന്നത് കോട്ടൺ-ലിനൻ മിശ്രിതം ഉപയോഗിച്ചാണ്.
ഡിജിറ്റൽ ഇന്ത്യയുടെ കാലത്തും കറൻസിയോടുള്ള ജനങ്ങളുടെ ആശ്രയം കുറഞ്ഞിട്ടില്ലെന്നതാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ചെറുകിട ഇടപാടുകളിലും ഗ്രാമീണ മേഖലകളിലും പണവിനിമയം ഇപ്പോഴും ശക്തമാണ്. അഞ്ചും ഇരുപതും രൂപ നാണയങ്ങളുടെ വിതരണം വർധിപ്പിച്ചിട്ടും നോട്ടുകളോടുള്ള താത്പര്യം കുറഞ്ഞില്ലെന്നതും റിസർവ് ബാങ്കിന്റെ വിലയിരുത്തലിലുണ്ട്.
















































