കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പമെത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകൻ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. നഗരത്തിലെ പ്രമുഖ പ്രീസ്കൂളിലെ വിദ്യാർഥിയായിരുന്നു ആദം. സംസാര വൈകല്യമുള്ള ആദത്തിന്റെ പഠനത്തിനായി മാതാവും മുത്തശിയും തമ്മനത്ത് വീടെടുത്ത് താമസിക്കുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടമുണ്ടായത്. സ്കൂളിന്റെ പാലാരിവട്ടത്തെയും മാമലയിലേയും കേന്ദ്രങ്ങളിൽ നിന്നുള്ള 25 കുട്ടികളാണ് അധ്യാപകർക്കൊപ്പം പാർക്കിലെത്തിയത്. ഇതിനു മുമ്പും കുട്ടികളുമൊത്ത് അധ്യാപകർ ഇവിടെ വന്നിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനായി പാർക്കിലെ ഒരു മുറിയിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനിടെ ഒരു കുട്ടി മുറിയിൽ നിന്ന് ഇറങ്ങി ഓടി. പ്രത്യേക ശ്രദ്ധ വേണ്ടതിനാൽ ഒരു അധ്യാപികയുടെ കൈയിലായിരുന്നു ആദമുണ്ടായിരുന്നത്. ഇതിനിടെ മറ്റൊരു കുട്ടി ഇറങ്ങി ഓടുന്നതു കണ്ടതോടെ അധ്യാപിക ആദത്തെ നിലത്തു നിർത്തി ഓടിപ്പോയ കുട്ടിയുടെ പുറകെ ഓടി. ആ കുട്ടിയുമായി തിരികെ എത്തി എല്ലാവർക്കും ഭക്ഷണം നൽകി. ആദം മുറിയിൽ ഉണ്ടെന്ന ധാരണയിലായിരുന്നു ഇത്. തുടർന്ന് കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തെ കാണാനില്ലെന്ന് മനസിലായത്.
തുടർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് പാർക്കിന്റെ പിന്നിലായുള്ള ചാലിലെ വെള്ളത്തിനടിയിൽ ആദത്തിന്റെ ടീഷർട്ടിന്റെ നിറം കണ്ട് തിരിച്ചറിയുന്നത്. ഉടൻ പാർക്കിലെ ജീവനക്കാരിലൊരാൾ മുങ്ങി ആദത്തെ പുറത്തെടുത്ത് പ്രഥമശുശ്രൂഷ നൽകി. എന്നാൽ അപ്പോഴേക്കും കാണാതായി 15 മിനിറ്റെങ്കിലും കഴിഞ്ഞിരുന്നു. തുടർന്ന് പഴങ്ങനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ഒരു മണിക്കൂറോളം ഡോക്ടർമാർ ജീവൻ വീണ്ടെടുക്കാൻ പരിശ്രമിക്കുകയും ചെയ്തു. എന്നാൽവൈകുന്നേരം 3.17ന് കുട്ടിയുടെ മരണം സ്ഥിരീകരിച്ചതായി തടിയിട്ടപറമ്പ് പോലീസ് വൃത്തങ്ങൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വിദേശത്തുള്ള ആദത്തിന്റെ മുഹമ്മദ് നസീറിനെ ദുരന്തവിവരം അറിയിച്ചിട്ടുണ്ട്.
അതേസമയം അടുത്തിടെയാണ് പാർക്കിൽ ബോട്ട് സവാരിക്കായി വെള്ളച്ചാൽ കുഴിച്ചത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുകയാണെന്നും പാർക്കിന്റെ ലൈസൻസ് സംബന്ധിച്ച് കിഴക്കമ്പലം പഞ്ചായത്തുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.






