തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷയ്ക്കും മുകളിലായി ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ ഓഗസ്റ്റ് 8 മുതൽ 12 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓഗസ്റ്റ് 8, 9 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഓഗസ്റ്റ് 9ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ശക്തമായ മഴയുള്ള സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. സഹായങ്ങൾക്ക് 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.





