കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡലിനെ പൊലീസ് വെടിവച്ച് കൊന്നു. ചൊവ്വാഴ്ച പുലർച്ചെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോഴാണ് സംഭവം.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപൂർ ഹാട്ട് മേഖലയിലാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പിനെത്തിയത്. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സർവീസ് റിവോൾവർ തട്ടിയെടുത്ത് പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് പ്രതിരോധത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ പ്രഭാഷ് മണ്ഡലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജൂലൈ നാലിന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിറ്റേദിവസം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയതോടെയാണ് പ്രദേശത്ത് വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. റോഡ് ഉപരോധവും പൊലീസ് വാഹനങ്ങൾ തകർക്കലും ഉൾപ്പെടെയുള്ള അക്രമസംഭവങ്ങളും നടന്നു. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് മണ്ഡൽ എന്ന യുവാവിനെ ജനക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയെങ്കിലും, ഇയാൾക്ക് കേസുമായി ബന്ധമില്ലായിരുന്നുവെന്ന് പിന്നീട് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിൽ പൊതുജനരോഷം ശക്തമായതിനെ തുടർന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി നേരിട്ട് ഇടപെട്ടു. കേസിന്റെ വിശദമായ റിപ്പോർട്ട് 72 മണിക്കൂറിനകം സമർപ്പിക്കാൻ അദ്ദേഹം പൊലീസ് ഡയറക്ടർ ജനറലിന് നിർദേശം നൽകി. അന്വേഷണത്തിലോ കേസ് രജിസ്റ്റർ ചെയ്യുന്നതിലോ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമുതൽ നശിപ്പിച്ച 200-ഓളം പേരെ തിരിച്ചറിഞ്ഞതായും, നിരപരാധിയായ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സൂര്യപൂരിൽ പുതിയ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസന്വേഷണത്തിനായി ആറംഗ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

















































