കൊച്ചി: പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി രംഗത്ത്. കീഴടങ്ങാമെന്ന് പറഞ്ഞതാണ്. സുഹൃത്തുക്കളുടെ ലൊക്കേഷൻ നോക്കി പിടിക്കേണ്ട കാര്യമില്ല. നിനക്ക് എന്നെ പിടിച്ചേ മതിയാവുവെങ്കിൽ നീയങ്ങ് വന്നു പിടിക്കെന്നും ആയങ്കി ഫേസ്ബുക്കിൽ പങ്കുവച്ച ശബ്ദസന്ദേശത്തിൽ വെല്ലുവിളിച്ചു.
‘ഞാൻ കീഴടങ്ങാമെന്നു വിചാരിച്ചാണു നിനക്ക് മെസേജ് അയച്ചത്. അപ്പോൾ പിടികൂടിയെ അടങ്ങു, അങ്ങനെയെങ്കിൽ ജാമ്യം എടുത്തിട്ടേ വരുന്നുള്ളൂ. നീ എന്നെ വന്ന് പിടിക്കെടാ..പിടിക്കാമെങ്കിൽ പിടിക്ക്…’എന്നും സന്ദേശത്തിൽ വെല്ലുവിളിക്കുകയും ചെയ്തു. സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കോതമംഗലം പോലീസ് അർജുനെ അറസ്റ്റു ചെയ്തിരുന്നു. അതു അനാവശ്യമായി അറസ്റ്റ് ചെയ്തെന്നായിരുന്നു അർജുന്റെ വാദം.
തന്നെ പിടികൂടി 21 ദിവസം ജയിലിലിട്ടത് നിന്റെ ആളായിരിക്കും. സിഐയ്ക്കു കൊടുക്കേണ്ടതേ കൊടുത്തിട്ടുള്ളു, അല്ല കൊടുത്തിട്ടില്ല കൊടുക്കേണ്ടത് കൊടുത്തിട്ടില്ല. അത് സമയമാകുമ്പോൾ ഞാൻ കൊടുക്കും. ഞാൻ കുറെക്കാലമായി പോലീസുകാരെ കാണാൻ തുടങ്ങിയിട്ട്. നിന്റെ ബുദ്ധിക്ക് പിടിക്കാൻ പറ്റുമെങ്കിൽ എന്നെ പിടിക്ക്.
ഒരു തെണ്ടി കാക്കിക്കുപ്പായമിട്ട് കുറെപ്പേരുടെ ജീവിതം നശിപ്പിച്ചതിന്റെ പേരിൽ ഒരാൾ ഒരു വികാര പ്രകടനം നടത്തിയതിന് നിനക്ക് സഹപ്രവർത്തകനോടുള്ള സ്നേഹം വഴിഞ്ഞൊഴുകുന്നുണ്ടെങ്കിൽ നീയും അതേ സ്വഭാവമുള്ള ഒരുത്തനാണ്. നീയും കാക്കി യൂണിഫോമിടാൻ അർഹനല്ല എന്നാണ് അതിന്റെ അർഥം. ആ ഒരു തെണ്ടിക്കുവേണ്ടി നീയൊന്നും വല്ലാതെ പണിയെടുക്കേണ്ട കാര്യമില്ല കേട്ടോ എന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
അതേസമയം ജയിൽ മോചിനായശേഷവും പോലീസിനെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീണ്ടും കേസെടുത്തു. ഊന്നുകൽ പോലീസാണ് അന്വേഷണം നടത്തുന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയിരുന്നു.






