ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽനിന്ന് നീക്കംചെയ്ത സംഭവത്തിൽ മെറ്റാ മേധാവി മാർക്ക് സുക്കർബർഗ് പരസ്യമായി മാപ്പ് പറയണമെന്ന് പാർലമെന്ററി ഐടി സമിതി ആവശ്യപ്പെട്ടു. നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ഐടി സമിതിയാണ് നിർദേശം മുന്നോട്ടുവെച്ചത്.
സുക്കർബർഗ് മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ, ഇന്ത്യയിലെ നിയമപ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്ന ‘സേഫ് ഹാർബർ’ പരിരക്ഷ പിൻവലിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി. മൂന്നാം കക്ഷി ഉള്ളടക്കങ്ങളുടെ നിയമപരമായ ബാധ്യതയിൽനിന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് സംരക്ഷണം നൽകുന്നതാണ് സേഫ് ഹാർബർ വ്യവസ്ഥ.
പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുവാക്കൾക്ക് ഉറപ്പുനൽകുന്ന പ്രധാനമന്ത്രിയുടെ വീഡിയോയാണ് മെറ്റ നീക്കം ചെയ്തത്. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്തതെന്ന മെറ്റയുടെ വിശദീകരണം ഐടി മന്ത്രാലയം തള്ളിയതിന് പിന്നാലെയാണ് സമിതിയുടെ നിർദേശം.
Related Post
പ്രധാനമന്ത്രിയുടെ വീഡിയോ പോലും ഇത്തരത്തിൽ നീക്കം ചെയ്യപ്പെടുന്നത് ഗൗരവകരമാണെന്നും സാധാരണ ഉപയോക്താക്കളുടെ സുരക്ഷയിലും ആശങ്ക ഉയർത്തുന്നതാണെന്നും സമിതി ചൂണ്ടിക്കാട്ടി.
രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളേക്കാൾ കൂടുതൽ പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് സോഷ്യൽ മീഡിയ അൽഗോരിതം മുൻഗണന നൽകുന്നതായി നിഷികാന്ത് ദുബെ ആരോപിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും യഥാർഥ കാരണം കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നുമാണ് സമിതിയുടെ നിലപാട്.


















































