കൊച്ചി: ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ആരോപണം നേരിടുന്നയാൾക്ക് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്ന് ചോദിച്ച കോടതി, ഹർജി പരിഗണനയിലിരിക്കെ സർക്കാർ തിടുക്കത്തിൽ തീരുമാനമെടുത്തതിലും അതൃപ്തി രേഖപ്പെടുത്തി.
എഡിജിപിയെ ഡിജിപിയായി നിയമിക്കുമ്പോൾ വിജിലൻസ് ക്ലിയറൻസ് വേണമെന്ന ചട്ടം പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കോടതി നേരത്തെ നൽകിയ നിർദേശങ്ങൾ പാലിക്കാത്തതിലും കടുത്ത അതൃപ്തി കോടതി രേഖപ്പെടുത്തി. സ്ഥാനക്കയറ്റം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് സ്ഥാനക്കയറ്റം നൽകിയത്.
എഡിജിപി എം.ആർ. അജിത് കുമാർ സസ്പെൻഷനിലായതോടെയാണ് ശ്രീജിത്തിന് ഡിജിപി സ്ഥാനത്തേക്ക് വഴിയൊരുങ്ങിയത്. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ഉൾപ്പെട്ട ‘രക്ഷാപ്രവർത്തന’ കേസിൽ അട്ടിമറിക്ക് ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്.
സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ്. ശ്രീജിത്ത് ജയിൽമേധാവിയായി തന്നെ തുടർന്നും സേവനമനുഷ്ഠിക്കും.

















































