പത്തനാപുരം: പുതുതായി നിർമിക്കുന്ന പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിർമാണ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനിടെ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ. സി.ടി. സ്കാനിങ്, എം.ആർ.ഐ. സ്കാനിങ് എന്നിവയ്ക്കാവശ്യമായ സൗകര്യങ്ങൾ പോലും ഉൾപ്പെടുത്താതെയാണ് ആശുപത്രി നിർമിക്കുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രിയുടെ വിമർശനം. ‘ഇത് ഹോട്ടലാക്കാനേ കൊള്ളൂ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
നിർമാണച്ചുമതലയുള്ള ഇൻകൽ ഉദ്യോഗസ്ഥർ ഈ ആഴ്ച തിരുവനന്തപുരത്തെത്തി വിശദീകരണം നൽകണമെന്നും മന്ത്രി നിർദേശിച്ചു. ആശുപത്രിയുടെ നിർമാണം 65 ശതമാനം പൂർത്തിയായതായി ഇൻകൽ പ്രതിനിധികൾ അറിയിച്ചു.
നാല് ഓപ്പറേഷൻ തിയറ്ററുകൾ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും, ഓപ്പറേഷൻ നടത്തേണ്ടത് എക്സ്റേ പോലും എടുക്കാതെയാണോയെന്നും മന്ത്രി ചോദിച്ചു. ഇതേ രീതിയിൽ നിർമാണം പൂർത്തിയാക്കിയാൽ ആശുപത്രിയെ ‘ഗ്ലോറിഫൈഡ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ’ പദവിയിലേക്ക് മാറ്റേണ്ടിവരുമെന്നും അങ്ങനെ വന്നാൽ താലൂക്ക് ആശുപത്രി പദവി നഷ്ടപ്പെടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
അതേസമയം, ആശുപത്രി നിർമാണവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങളിൽ തങ്ങൾക്ക് അറിവില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആറുനില കെട്ടിടമായിട്ടും പ്രാഥമികമായി ഉൾപ്പെടുത്തേണ്ട പല സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പല സംവിധാനങ്ങളും മുകളിലും താഴെയുമായി മാറ്റിയാണ് നിർമിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ ആശങ്ക അറിയിച്ചു.
ആശുപത്രിയോട് ചേർന്ന് ഒഴുകുന്ന കല്ലടയാറിന്റെ തീരം ഇടിയുന്നത് തടയാൻ സംരക്ഷണ ഭിത്തി നിർമിക്കുന്നതിനുള്ള പദ്ധതി തയാറാക്കി സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു. ഇതിനായി ജലവിഭവ വകുപ്പിൽനിന്ന് പണം അനുവദിപ്പിക്കാൻ ശ്രമിക്കുമെന്നും അറിയിച്ചു. അതേസമയം, ആശുപത്രിയുടെ മുകൾനിലകളുടെ നിർമാണം തുടരാനും മന്ത്രി നിർദേശം നൽകി.
ആശുപത്രി മുഴുവനായും കേന്ദ്രീകൃത എ.സി. സ്ഥാപിക്കേണ്ടതില്ലെന്നും ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള അത്യാവശ്യ സൗകര്യങ്ങൾക്ക് മാത്രമായി എ.സി. മതിയെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രി മുഴുവൻ എസിയാക്കിയാൽ പ്രതിമാസം 25 ലക്ഷം രൂപയ്ക്ക് മുകളിൽ വൈദ്യുതി ചാർജ് വരുമെന്നും ഇത് താങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആറുനിലകളുള്ള ആശുപത്രിയിൽ 89 കിടക്കകൾ മാത്രമാണുള്ളതെന്നും മന്ത്രി വിമർശിച്ചു.
ജ്യോതികുമാർ ചാമക്കാല എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എം. ബിജു, ഷീജാ ഷാനവാസ്, എസ്. ശുഭാകുമാരി, ജയിംസ് അലക്സാണ്ടർ, ഷേർളി ഗോപിനാഥ്, മേലില അജിത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

















































