പത്തനംതിട്ട: കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. റാന്നി പഴവങ്ങാടി കോട്ടയിൽ വീട്ടിൽ പി.കെ. ഭാസ്കരന്റെ മകൻ അജികുമാർ (38) ആണ് കീഴ്വായ്പൂർ പോലീസിന്റെ പിടിയിലായത്.
പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂർ ആനിക്കാട് സ്വദേശിയായ യുവാവിനെയാണ് പ്രതി കബളിപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ വൻതുക പലിശരഹിത വായ്പയായി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് 2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി രണ്ട് ഘട്ടങ്ങളായി 18 ലക്ഷം രൂപ ഇയാളിൽ നിന്ന് വാങ്ങിയത്.
എന്നാൽ വാഗ്ദാനം ചെയ്ത വായ്പ ലഭിക്കാതിരിക്കുകയും കൈമാറിയ പണം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെ യുവാവ് കീഴ്വായ്പൂർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ 2025 ഒക്ടോബർ ഒന്നിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അന്നത്തെ കീഴ്വായ്പൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് രജിസ്റ്റർ ചെയ്ത കേസിൽ നിലവിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) അജീബിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചത്. എസ്.ഐമാരായ അനീഷ് ടി., ഷാൻ എൻ.എസ്., എ.എസ്.ഐ. മുജീബ്ഖാൻ, സി.പി.ഒമാരായ സോനു, നെവിൻ എന്നിവരടങ്ങിയ അന്വേഷണസംഘം തുടരന്വേഷണം നടത്തി മല്ലപ്പള്ളിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ അജികുമാറിനെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും സമാനരീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.



















































