തൃശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. തൃശ്ശൂർ ചൂണ്ടൽ സ്വദേശിയായ 52-കാരൻ നൗഷാദിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൂണ്ടലിലെ സ്വന്തം വീട്ടിൽ നടത്തിയിരുന്ന ട്യൂഷൻ സെന്ററിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ക്ലാസ് എടുക്കുന്നതിനിടെ വിദ്യാർഥിനികളുടെ ശരീരത്തിൽ കടന്നുപിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ മൂന്ന് പെൺകുട്ടികളാണ് നൗഷാദിനെതിരെ പോലീസിൽ പരാതി നൽകിയത്.
കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് ട്യൂഷൻ ക്ലാസിനിടെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ച വിവരം കുട്ടികൾ വെളിപ്പെടുത്തിയത്. തുടർന്ന് രക്ഷിതാക്കൾ കുട്ടികളുമായി കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് നൗഷാദിനെ അറസ്റ്റ് ചെയ്തു. സമാനരീതിയിൽ മറ്റ് കുട്ടികളെയും ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോയെന്ന് ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കുന്നംകുളം പൊലീസ് അറിയിച്ചു.



















































