കോഴിക്കോട്: തനിക്കെതിരെ സംസാരിക്കുന്നവരിൽ തന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂവെന്നും നമുക്ക് സംസാരിക്കാമെന്നും സംവാദവും ആവാമെന്നും പി.വി. അൻവർ. ബേപ്പൂർ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ തന്നെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നതിനു പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അൻവറിന്‍റെ വെല്ലുവിളി. കേരളത്തിന്‍റേതു കണക്കെ ഉൽബുദ്ധമായ ഒരു സമൂഹത്തിന്‍റെ മുന്നിൽ ഒരു വിഷയം അവതരിപ്പിക്കുമ്പോഴും സംസാരിക്കുമ്പോഴും പ്രസ്താവനകൾ നടത്തുമ്പോഴും വസ്തുതകൾക്ക് വലിയ പ്രാധാന്യമുണ്ട്.
സംഗതി രാഷ്ട്രീയം ആകുമ്പോൾ സ്ഥിതിവിവരക്കണക്കുകൾ അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നു. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ തങ്ങൾ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി നിയമസഭ സാമാജികൻ എന്ന നിലയിലുള്ള സ്ഥാനം സ്വയം രാജിവച്ചവർ എത്രപേരുണ്ട്? നിലപാടിന് വേണ്ടി നിയമസഭയിൽ നിലമ്പൂരിൽ നിന്നുള്ള അംഗം ആയിരിക്കെ ആ സ്ഥാനം രാജിവെച്ചുകൊണ്ടാണ് താൻ പ്രതിനിധീകരിച്ചിരുന്ന സംവിധാനം ജനാധിപത്യപരമല്ലാത്ത നിലപാട് സ്വീകരിച്ചപ്പോൾ എനിക്കൊരു പോരാട്ടത്തിന് ഇറങ്ങിത്തിരിക്കേണ്ടി വന്നത്. അന്ന് ലൈനും ലങ്ത്തും പിഴക്കാതെ താനറിഞ്ഞ പന്തുകൾ ലക്ഷ്യം കണ്ടപ്പോൾ ഗാലറിയിൽ ഇരുന്ന് കൈയടിച്ചവർക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിങ്സ് ജീവിതത്തിൽ ഒരിക്കലെങ്കിലും കളിക്കാൻ അവർക്ക് കഴിയുമെന്ന്.
താൻ ജനിച്ചു വീണത് തന്നെ രാഷ്ട്രീയവിചാരങ്ങളുടെ നടുത്തളത്തിലേക്കാണ്. അക്കാലത്ത് അതായിരുന്നു തന്‍റെ വീടിന്‍റെ സ്വഭാവം. മത്സരങ്ങളിൽ ഓരോന്നിലും തന്‍റെ പങ്ക് നിർണായകമാണെന്നും കുറിപ്പിൽ പറയുന്നു. നേരത്തെ, ബേപ്പൂരില്‍ പി.വി. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിച്ചിരുന്നു. പേരാമ്പ്രയിലെ സ്വീകരണ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.






