കോഴിക്കോട്: കള്ളാടി ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ പി.എ. മുഹമ്മദ് റിയാസ്. മണ്ണ് നീക്കാൻ കരാറുകാരോട് ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ലെങ്കിൽ കർശന നടപടിയെടുക്കാൻ സർക്കാരിന് കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മണ്ണ് മാറ്റിയിടാനുള്ള സ്ഥലം കരാർ കമ്പനി ആവശ്യപ്പെട്ടിട്ടും സർക്കാർ അത് ലഭ്യമാക്കി നൽകിയില്ലെന്നും റിയാസ് ആരോപിച്ചു.
കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണുമാറ്റാൻ കരാറുകാരനോട് പറഞ്ഞിട്ടും അത് ചെയ്തില്ല എന്നാണ് മുഖ്യമന്ത്രിയുടെ പരാതി. മണ്ണ് മാറ്റിയില്ലെങ്കിൽ അത് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം സർക്കാരിനും മുഖ്യമന്ത്രിക്കുമല്ലേയുള്ളത്. മണ്ണ് നീക്കിയില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം സർക്കാരിന് കർശന നടപടി സ്വീകരിക്കാമായിരുന്നു. മണ്ണു മാറ്റാനുള്ള സ്ഥലമില്ലെന്ന് ഒരു യോഗത്തിൽ കരാർ കമ്പനി പറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഒരു ദുരന്തമുണ്ടാകുമ്പോൾ പറയുന്ന പ്രസ്താവനകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പക്വതയുള്ള നിലപാട് സ്വീകരിക്കണം. എന്നാൽ ഓരോ മന്ത്രിമാരും കയ്യൊഴിയുന്ന രീതിയാണ് സ്വീകരിച്ചത്. എല്ലാവരേയും ഒരുമിച്ചുകൂട്ടി മുന്നോട്ടുപോവുകയാണ് ചെയ്യേണ്ടത്. അല്ലാതെ പ്രസ്താവന യുദ്ധമല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















































