പത്തനംതിട്ട: വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വിരമിച്ച കെഎസ്ആർടിസി ഉദ്യോഗസ്ഥൻ മരിച്ചു. കടമ്മനിട്ട കല്ലേലി മുക്കിൽ അടയ്ക്ക മാവുങ്കൽ മാത്തുക്കുട്ടി (75)യാണ് മരിച്ചത്.
വീടിന്റെ ഗേറ്റിനോട് ചേർന്നുള്ള കാർ പാർക്കിങ് ഷെഡിന് സമീപം സ്ഥാപിച്ച ലിഫ്റ്റിലാണ് അപകടമുണ്ടായത്. കാർ പാർക്ക് ചെയ്ത ശേഷം ലിഫ്റ്റിൽ കയറിയ മാത്തുക്കുട്ടി അപകടത്തിൽപ്പെടുകയായിരുന്നു. വലിയ ശബ്ദം കേട്ട് പുറത്തേക്കെത്തിയ ഭാര്യ അദ്ദേഹത്തെ തല ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി.
വെട്ടുകത്തി ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തിയപ്പോഴേക്കും ലിഫ്റ്റിനുള്ളിലെ ഇരുമ്പ് പൈപ്പിൽ തല കുടുങ്ങിയ നിലയിലായിരുന്നു.
ഉയരത്തിലുള്ള വീടായതിനാൽ മാതാപിതാക്കൾക്ക് പടികൾ കയറാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് രണ്ട് വർഷം മുൻപാണ് മക്കൾ ലിഫ്റ്റ് സ്ഥാപിച്ചത്. ആറന്മുള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാത്തുക്കുട്ടിയുടെ മക്കൾ വിദേശത്താണ്.

















































