തിരുവനന്തപുരം: വിലകുറഞ്ഞ മദ്യം പ്രീമിയം ബ്രാൻഡുകളുടെ പേരിൽ വ്യാജമായി തയ്യാറാക്കി വിപണിയിലെത്തിച്ചിരുന്ന കേന്ദ്രം തിരുവനന്തപുരത്ത് എക്സൈസ് വകുപ്പ് കണ്ടെത്തി. കേസിൽ ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൽഫിക്കറിനെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു.
ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് വിലകുറഞ്ഞ മദ്യം വാങ്ങി വിവിധ രീതിയിൽ കലർത്തി, പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ മദ്യം തയ്യാറാക്കുകയായിരുന്നു പ്രതിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പരിശോധനയിൽ 14 ലിറ്റർ വ്യാജ മദ്യവും ബെവ്‌കോയിൽ നിന്ന് വാങ്ങിയ 6.5 ലിറ്റർ യഥാർഥ മദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു.
വിലകുറഞ്ഞ മദ്യം ഉപയോഗിച്ച് ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ പ്രീമിയം ബ്രാൻഡുകളുടെ വ്യാജ പതിപ്പുകളാണ് ഇയാൾ നിർമിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ വ്യാജ മദ്യം വിവിധ ബാറുകളിലൂടെ വിൽപന നടത്തിയിട്ടുണ്ടോയെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകളിൽ വ്യാപക പരിശോധന നടത്തുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. വ്യാജ മദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

















































