തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഹിൽ ഹൈവേ റൺ’ പരിപാടിക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ചെലവഴിച്ചത് 91.35 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ പങ്കെടുത്ത പരിപാടിക്കാണ് ഈ തുക ചെലവഴിച്ചത്. എന്നാൽ, മിലിന്ദ് സോമന് പ്രതിഫലമായി ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും രേഖയിൽ വ്യക്തമാക്കുന്നു.
ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റർ ദൂരത്തിലാണ് ‘ഹിൽ ഹൈവേ റൺ’ സംഘടിപ്പിച്ചത്. ഫെബ്രുവരി 22-ന് നടന്ന പരിപാടിയിൽ അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. ദീർഘദൂര ഓട്ടം പൂർത്തിയാക്കിയ ശേഷം ചപ്പാത്തിൽ നിന്ന് ഇടുക്കി കവല വരെ മിലിന്ദ് സോമൻ തുറന്ന ജീപ്പിൽ സഞ്ചരിക്കുകയും വാഹനം റോഷി അഗസ്റ്റിൻ ഓടിക്കുകയും ചെയ്തിരുന്നു.
ജില്ലാ കളക്ടർ, മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾ, കായികതാരങ്ങൾ, സ്കൂൾ-കോളജ് വിദ്യാർഥികൾ, സ്പോർട്സ് കൗൺസിൽ പ്രതിനിധികൾ തുടങ്ങി നിരവധി പേർ പരിപാടിയുടെ ഭാഗമായി.
അതേസമയം, നിലവിൽ കിഫ്ബിക്ക് 32,187.47 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ‘ഹിൽ ഹൈവേ റൺ’ പരിപാടിക്കായി ചെലവഴിച്ച തുകയും വിവരാവകാശ രേഖയും ചർച്ചയാകുകയാണ്.

















































