തൃശൂർ: വിദേശത്ത് മയക്കുമരുന്ന് കേസിൽ ശിക്ഷ അനുഭവിച്ച ശേഷം നാട്ടിലെത്തിയ രണ്ടുപേർ വീണ്ടും എം.ഡി.എം.എ. വിൽപ്പന നടത്തുന്നതിനിടെ പൊലീസിന്റെ പിടിയിലായി. വലപ്പാട് സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് റാഷിദ് (31), പുല്ലൂറ്റ് സ്വദേശി കുന്നുപുറത്ത് വീട്ടിൽ ഷംനാദ് (34) എന്നിവരെയാണ് 20 ഗ്രാം എം.ഡി.എം.എയുമായി ഓപ്പറേഷൻ തൂഫാൻ സ്പെഷ്യൽ സ്ക്വാഡും വലപ്പാട് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഗൾഫിൽ മയക്കുമരുന്ന് കേസിൽ ഷംനാദ് ആറ് വർഷവും മുഹമ്മദ് റാഷിദ് ഒന്നര വർഷവും തടവുശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷ പൂർത്തിയാക്കി നാട്ടിലെത്തിയ ശേഷവും ഇരുവരും മയക്കുമരുന്ന് ഇടപാടുകൾ തുടരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. പ്രമോദിന്റെ മേൽനോട്ടത്തിൽ തൃശൂർ റൂറൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. അബ്ദുൾ സലാം, ഓപ്പറേഷൻ തൂഫാൻ സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ. പ്രദീപ് സി.ആർ., എ.എസ്.ഐ. ലിജു ഐ.ആർ., ജി.എസ്.സി.പി.ഒ. ബിജു സി.കെ., സി.പി.ഒമാരായ നിഷാന്ത്, സുര്‍ജിത് സാഗർ, വലപ്പാട് പൊലീസ് സ്റ്റേഷൻ എസ്.ഐ. എബിൻ, ജി.എസ്.ഐ. ഉണ്ണി, ജി.എ.എസ്.ഐ. നിഷി, സി.പി.ഒമാരായ സന്ദീപ്, ശ്യാം, മാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

















































