ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ചത് ആറ് സൈനികർ. വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. ആക്രമണത്തിൽ അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് വീരമൃത്യു വരിച്ചത്.
സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിംഗ്, വ്യോമസേന സർജൻറ് സുരേന്ദ്ര കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇവരുടെ പേരുകൾ ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ എഴുതിച്ചേർക്കുമെന്നും കേന്ദ്രം വ്യക്തമാക്കി,
2025 ഏപ്രിൽ 22ന് കാശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരർ നടത്തിയെ വെടിവയ്പ്പിൽ വിനോദസഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇന്ത്യ മേയ് ഏഴിന് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരേ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നാലു ദിവസമാണ് ഇന്ത്യ ആക്രമണം നടത്തിയത്. മൂന്നുദിവസത്തിനു ശേഷം മേയ് പത്തിന് ഇരുരാജ്യങ്ങളിലെയും സൈനികനേതൃത്വം നടത്തിയ ചർച്ചകൾക്കുശേഷം വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.
















































