ചെന്നൈ: തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ഡി. ശരത്കുമാറിനെതിരെ ലഹരിമരുന്ന് ഉപയോഗ ആരോപണവുമായി ബിജെപി. ഐപിഎൽ മത്സരത്തിനിടെ ഗ്യാലറിയിൽ ഇരുന്ന മന്ത്രി മൊബൈൽ ഫോൺ സ്‌ക്രീനിൽ വെള്ള നിറത്തിലുള്ള പൊടി നിരത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഒരു ഐപിഎൽ മത്സരത്തിനിടെയുള്ള പഴയ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
എന്നാൽ, പ്രചരിക്കുന്ന ദൃശ്യങ്ങൾ ലഹരിമരുന്നിന്റേതല്ലെന്നും മകൾക്ക് നൽകാനുള്ള മരുന്ന് പൊടിച്ചതാണെന്നും വ്യക്തമാക്കി മന്ത്രി ശരത്കുമാർ രംഗത്തെത്തി. ഭാര്യക്കും മകൾക്കുമൊപ്പം പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മന്ത്രിയുടെ വിശദീകരണം. രണ്ട് വർഷം മുൻപ് നടന്ന ഐപിഎൽ മത്സരത്തിനിടെ കുട്ടിക്ക് മരുന്ന് കഴിക്കാൻ മടി കാണിച്ചപ്പോൾ, ഗുളിക പൊടിച്ച് ദ്രാവകത്തിൽ കലർത്തി നൽകാൻ ഭാര്യ ആവശ്യപ്പെട്ടതുപ്രകാരമാണ് താൻ അത് ചെയ്തതെന്നും, തന്നെ അപകീർത്തിപ്പെടുത്താൻ വീഡിയോ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മന്ത്രിയുടെ ഈ വിശദീകരണത്തെ തള്ളി ബിജെപി നേതാവ് വിനോജ് പി. സെൽവം രംഗത്തെത്തി. പുറത്തുവന്ന ഗ്യാലറി ദൃശ്യങ്ങളിൽ എവിടെയും മന്ത്രിയുടെ മകൾ ഇല്ലെന്നും അതിനാൽ മരുന്നിന്റെ കഥ വിശ്വസിക്കാനാകില്ലെന്നും വിനോജ് ആരോപിച്ചു. കേസിൽ കൃത്യമായ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി നേതൃത്വം.

















































