ബിലാസ്പൂർ: ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉപയോഗിച്ച് ശ്മശാനത്തിൽ ദുർമന്ത്രവാദം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ദേവ്രി ഗ്രാമത്തിലെ ഒരു ശ്മശാനത്തിലാണ് അത്യന്തം വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ബിലാസ്പൂർ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഋഷികേശ് കുമാർ എന്നയാളാണ് നാട്ടുകാരുടെ പിടിയിലായത്.
വെള്ളിയാഴ്ച അർധരാത്രിയോടെ ശ്മശാനത്തിൽ നാല് പേർ സംശയാസ്പദമായ രീതിയിൽ നിൽക്കുന്നത് ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാട്ടുകാർ എത്തിയതോടെ കൂടെയുണ്ടായിരുന്ന മൂന്ന് പേർ ഓടിരക്ഷപ്പെട്ടെങ്കിലും ഋഷികേശ് കുമാർ പിടിയിലാവുകയും പൊലീസിൽ ഏൽപ്പിക്കപ്പെടുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ശ്മശാനത്തിൽ നിന്നും ചത്ത മത്സ്യം, നാരങ്ങകൾ, കുങ്കുമം തുടങ്ങിയ പൂജാസാധനങ്ങൾക്കൊപ്പം ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയുടെ ചിത്രവും പൊലീസ് കണ്ടെടുത്തു. ഇതിന് പുറമെ മറ്റ് രണ്ട് പേരുടെ ചിത്രങ്ങളും പൂജയ്ക്കായി അവിടെ ഉപയോഗിച്ചിരുന്നു.
പൊലീസിന്റെ ചോദ്യംചെയ്യലിലാണ് വിചിത്രമായ ഈ പൂജയുടെ കാരണം യുവാവ് വെളിപ്പെടുത്തിയത്. കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട് ഋഷികേശിന്റെ ബന്ധുവായ പ്രിയാൻഷു ബോലെ എന്നയാൾ ഉൾപ്പെടെയുള്ളവർ അടുത്തിടെ അറസ്റ്റിലായിരുന്നു. ഇതിൽ ഒരാൾക്ക് ജാമ്യം ലഭിച്ചെങ്കിലും പ്രിയാൻഷുവിന്റെയും മറ്റുള്ളവരുടെയും ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ഇവർക്ക് വേഗത്തിൽ ജാമ്യം ലഭിക്കാൻ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ്, ഇത്തരം പൂജകൾ ചെയ്താൽ ജാമ്യം കിട്ടുമെന്ന് അവകാശപ്പെടുന്ന ഒരു താന്ത്രികന്റെ വിഡിയോ ഇയാൾ ഓൺലൈനിൽ കണ്ടത്. ഇത് അക്ഷരംപ്രതി വിശ്വസിച്ചാണ് സുഹൃത്തുക്കൾക്കൊപ്പം ഇയാൾ ചീഫ് ജസ്റ്റിസിന്റെയും മറ്റും ചിത്രം വെച്ച് പൂജ നടത്താൻ അർധരാത്രി ശ്മശാനത്തിൽ എത്തിയത്. കണ്ടെടുത്ത ചിത്രങ്ങളിൽ ഒന്ന് ജയിലിൽ കഴിയുന്ന പ്രിയാൻഷുവിന്റേതും രണ്ടാമത്തേത് കത്തിക്കുത്ത് കേസിൽ ഇരയായ വ്യക്തിയുടേതുമായിരുന്നു.






