കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സമരം 25-ാം ദിവസത്തിലേക്കു കടന്നതോടെ സമരത്തിൻറെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ പ്രതീകമായി വിസിയുടെ ശവ സംസ്കാരം നടത്തിയത് വിവാദമാകുന്നു. എന്നാൽ തങ്ങൾ നടത്തിയത് വി സിയുടെ സംസ്കാരമല്ലെന്ന വിശദീകരണവുമായി എസ്എഫ്ഐ രംഗത്തെത്തി.
പ്രതിഷേധ സമരത്തിനിടെ വിസി സിസ തോമസിൻറെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന വാർത്ത വ്യാജ പ്രചാരണമെന്നായിരുന്നു എസ്എഫ്‌ഐയുടെ പ്രതികരണം. ലൈറ്റുകൾ മരണപ്പെട്ടതായി കാണിച്ച് പ്രതിഷേധ നാടകമാണ് ചെയ്തതെന്നും ഇവർ വിശദീകരിക്കുന്നു.
തിയേറ്റർ ഡിപ്പാർട്ട്‌മെൻറിലെ വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ അറിയിക്കുകയാണ് ചെയ്തത്. ലൈറ്റുകൾ അടക്കം തകരാറിലാണെന്ന് പറഞ്ഞ് നാടകം ചെയ്യുകയാണ് ഉണ്ടായത്. ലൈറ്റുകൾ മരണപ്പെട്ടതായി കാണിച്ച് പ്രതിഷേധ നാടകം ചെയ്തതാണ്. എന്നാൽ അത് വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന് ചിത്രീകരിക്കുകയാണ് എന്നാണ് വിശദീകരണം.
സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുക, അധ്യാപകരെ സമയബന്ധിതമായി നിയമിക്കുക തുടങ്ങി 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. ആവശ്യങ്ങളിൽ നടപടിയില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി. പിന്നീട് വി സി സിസ തോമസിനെ സമരക്കാർ തടഞ്ഞു. പോലീസ് ഇടപെട്ടാണ് വിസിയെ സംരക്ഷിച്ചത്.
അതേസമയം എസ്എഫ്‌ഐയുടെ ശവസംസ്കര സമരം അപരിഷ്കൃതമാണെന്ന് മന്ത്രി പി.സി. വിശ്വനാഥ് പറഞ്ഞു. കാരണക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിസിയോട് ആർക്കും വിയോജിക്കാം. ഞങ്ങളും സമരം ചെയ്യാറുണ്ടെന്നും പക്ഷേ ഇത്തരം നിന്ദ്യമായ രീതികൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.




