റൊസാരിയോ: ലയണൽ മെസ്സിയില്ലാത്ത അർജന്റീന. ദേശീയ ടീമിൽനിന്ന് ഫുട്ബോൾ ഇതിഹാസം വിരമിച്ചതിന് പിന്നാലെ ടീമിന്റെ അടുത്ത അധ്യായത്തിന് തുടക്കമാകുകയാണ്. മെസ്സിയുടെ പത്താം നമ്പർ ജഴ്സി ഇനി ആരണിയുമെന്ന ചോദ്യത്തിനും ഉത്തരമാകുന്നു. യുവതാരം നിക്കോ പാസാണ് മെസ്സിയുടെ പത്താം നമ്പർ ഏറ്റെടുക്കാൻ ഏറ്റവും സാധ്യതയുള്ള താരമെന്നാണ് റിപ്പോർട്ടുകൾ.
മെസ്സിയുടെ പകരക്കാരനായി നിക്കോ പാസിനെ പരിശീലകൻ ലയണൽ സ്‌കലോണി പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇറ്റാലിയൻ ക്ലബ്ബ് കോമോയുടെ താരമായ 21കാരൻ അർജന്റീനയുടെ ഭാവി സൂപ്പർതാരമാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.
മെസ്സിയുടെ വിരമിക്കലോടെ പത്താം നമ്പർ ജഴ്സി വിരമിപ്പിക്കുന്നതിനെക്കുറിച്ചും അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആലോചിച്ചിരുന്നു. എന്നാൽ ഫിഫയുടെ മത്സരങ്ങളിലെ ജഴ്സി നമ്പർ ചട്ടങ്ങൾ കാരണം ഇത് സാധ്യമല്ല. ലോകകപ്പ് പോലുള്ള മത്സരങ്ങളിൽ 1 മുതൽ 26 വരെയുള്ള നമ്പറുകൾ ടീമിലെ താരങ്ങൾക്ക് അനുവദിക്കേണ്ടതുണ്ട്. അതിനാൽ മെസ്സിയുടെ പത്താം നമ്പർ മറ്റൊരു താരത്തിന് നൽകേണ്ടിവരും.
മെസ്സിയുടെ പിൻഗാമിയായി നിക്കോ പാസിനെ പരിഗണിക്കുന്നത് താരത്തിലുള്ള അർജന്റീനയുടെ വിശ്വാസത്തിന്റെ സൂചന കൂടിയാണ്. നിലവിൽ ദേശീയ ടീമിൽ 18-ാം നമ്പറാണ് പാസ് ധരിച്ചിട്ടുള്ളത്. സ്‌കലോണി ടീമിന്റെ പരിശീലകനായി തുടരുകയാണെങ്കിൽ പത്താം നമ്പർ പാസിന് നൽകാനുള്ള തീരുമാനം നടപ്പാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം മെസ്സിക്ക് ആദരമർപ്പിച്ച് അർജന്റീനയിലെ ലീഗ് മത്സരങ്ങളിൽ ഒരുമിനിറ്റ് കളി നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. വാരാന്ത്യത്തിലെ മത്സരങ്ങളുടെ പത്താം മിനിറ്റിലാണ് റഫറി കളി നിർത്തുക. തുടർന്ന് ഒരു മിനിറ്റ് നീളുന്ന കൈയടിയിലൂടെ മെസ്സിക്ക് ആദരമർപ്പിക്കും. മെസ്സി വർഷങ്ങളോളം ധരിച്ച പത്താം നമ്പർ ജഴ്സിയോടുള്ള ആദരസൂചകമായാണ് പത്താം മിനിറ്റ് തിരഞ്ഞെടുത്തത്.






