ടെഹ്റാൻ: ഇറാനിൽ അമേരിക്കൻ ആക്രമണം ശക്തമാകുന്നതിനിടെ, മുൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദിനെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള പദ്ധതികൾ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് ആസൂത്രണം ചെയ്തതായി റിപ്പോർട്ട്. മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ ഭരണനേതൃത്വത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കമുണ്ടായതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
2005 മുതൽ 2013 വരെ ഇറാന്റെ പ്രസിഡന്റായിരുന്ന അഹ്മദി നിജാദിനെ വീണ്ടും നേതൃനിരയിലേക്ക് കൊണ്ടുവരാൻ മൊസാദ് രഹസ്യമായി ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിലെ ആരോപണം. ഇതിനായി സാമ്പത്തിക സഹായം നൽകിയതായും വിദേശ രാജ്യങ്ങളിൽ വച്ച് നിജാദുമായി ചർച്ചകൾ നടത്തിയതായും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
2024ലും 2025ലും ഹംഗറിയിൽ നടന്ന കാലാവസ്ഥാ സമ്മേളനങ്ങളിൽ പങ്കെടുത്ത നിജാദ് അവിടെവച്ച് ഇസ്രയേൽ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിനിടെ നിജാദിനെ മൊസാദ് സംരക്ഷിച്ചുവെന്ന അവകാശവാദങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് തൊട്ടുമുൻപ് കറുത്ത കാറിൽ അദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
അതേസമയം, നിജാദിനെ ഇറാന്റെ പുതിയ നേതാവായി ഉയർത്താനുള്ള നീക്കം വിജയിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇറാൻ പ്രസിഡന്റായിരുന്ന കാലത്ത് നിജാദ് കടുത്ത ഇസ്രയേൽ വിമർശകനായിരുന്നു. രാജ്യത്തിന്റെ ആണവ പദ്ധതിക്കും അദ്ദേഹം പിന്തുണ നൽകിയിരുന്നു.
2024ലെ ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും, ആയത്തുല്ല അലി ഖമനയിയുടെ മേൽനോട്ടത്തിലുള്ള തിരഞ്ഞെടുപ്പ് സമിതി അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം തള്ളിയിരുന്നു. പുതിയ ആരോപണങ്ങൾ നിജാദിന്റെ ഓഫീസ് നിഷേധിച്ചു.

















































