കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽനിന്നു മാധ്യമപ്രവർത്തകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമൃത ന്യൂസ് വയനാട് ലേഖകൻ രതീഷ് കുഞ്ചത്തൂരാണ് കഴിഞ്ഞരാത്രി അത്ഭുതകരമായി രക്ഷപ്പെട്ടത്. എട്ടരയോടെ ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ആനയുടെ മുമ്പിൽപ്പെട്ടത്.
ചുണ്ടേൽ-ഒലിവുമല റോഡിലെ ചുണ്ടവയൽ അയനിമട്ടം ഭാഗത്താണ് സംഭവമുണ്ടായത്. വഴിയരികിൽ മറഞ്ഞനിന്ന ആന സ്‌കൂട്ടറിനുനേരേ പാഞ്ഞടുക്കുകയായിരുന്നു. ആനയെ കണ്ടയുടൻ രതീഷ് സ്‌കൂട്ടർ ഉപേക്ഷിച്ച് സമീപത്തെ വീട്ടിൽ ഓടിക്കയറി. ആന പിന്നീട് അടുത്തുള്ള തേയിത്തോട്ടത്തിലേക്ക് പിൻവാങ്ങി.
സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചിൽപ്പെട്ട പ്രദേശമാണ് ചുണ്ടവയൽ. കുറച്ചുകാലമായി ഇവിടെയും സമീപങ്ങളിലും കാട്ടാന സാന്നിധ്യമുണ്ട്. കാട്ടാന പ്രതിരോധത്തിന് പ്രദേശത്ത് ജനപങ്കാളിത്തത്തോടെ നിർമിച്ച വേലി തകർന്നുകിടക്കുകയാണ്. അതേസമയം ഇത് രണ്ടാം തവണയാണ് രതീഷ് ആനയുടെ മുമ്പിൽപ്പെടുന്നത്. മാസങ്ങൾ മുമ്പ് വീടിനടുത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. അന്ന് സഞ്ചരിച്ച സ്‌കൂട്ടർ ആന ഭാഗികമായി തകർത്തതായി രതീഷ് പറഞ്ഞു. തകർന്ന വേലി അടിയന്തരമായി നന്നാക്കി കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ എത്തുന്നത് തടയണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.


















































