ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി ആരോഗ്യവാനാണെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഖമനെയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന ഇസ്രയേലി മാധ്യമ റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഇറാൻ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള മെഹ്ർ ന്യൂസ് ഏജൻസി 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്.
ഭിത്തിയിൽ ചാരിയിരുന്ന് സമീപത്തുള്ളവർ സംസാരിക്കുന്നത് ശ്രദ്ധിക്കുന്ന ഖമനെയിയെയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ദൃശ്യങ്ങൾ എപ്പോൾ, എവിടെവെച്ച് ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഖമനെയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഇസ്രയേലി മാധ്യമം കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
യുഎസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മകൻ മൊജ്തബ ഖമനെയി പരമോന്നത നേതൃപദവിയിലെത്തിയത്. അധികാരമേറ്റശേഷവും അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ പ്രസ്താവനകളിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നത്. ഇതോടെ ആക്രമണത്തിൽ മൊജ്തബ ഖമനെയിക്ക് പരിക്കേറ്റിട്ടുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായി.
മൊജ്തബ ഖമനെയിയുമായി നേരിട്ട് ബന്ധപ്പെടുന്നത് നിലവിൽ വളരെ ബുദ്ധിമുട്ടാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനിടെ ഖമനെയി ഇറാനിൽ ഇല്ലെന്ന് ഇസ്രയേലി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമം ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിന് ശേഷം മൊജ്തബ ഖമനെയി മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഇറാൻ പ്രതിപക്ഷവുമായി ബന്ധമുള്ള മാധ്യമമായ ഇറാൻ വയർ റിപ്പോർട്ട് ചെയ്തിരുന്നു.
ഇറാന്റെ ഉന്നത സൈനിക നേതൃത്വത്തെ ഇല്ലാതാക്കിയെന്നും മൊജ്തബ ഖമനെയിയെ 90 ശതമാനത്തോളം ഇല്ലാതാക്കിയെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ഭരണകൂടം ഈ അവകാശവാദങ്ങൾ തള്ളുകയായിരുന്നു. രാജ്യത്തെ നിർണായക തീരുമാനങ്ങൾക്ക് മൊജ്തബ ഖമനെയി മേൽനോട്ടം വഹിക്കുന്നുണ്ടെന്നും ആവശ്യമായ നിർദേശങ്ങൾ നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
എന്നാൽ അദ്ദേഹം തുടർച്ചയായി പൊതുമധ്യത്തിൽനിന്ന് വിട്ടുനിൽക്കുന്നതാണ് ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് പ്രധാന കാരണം. ഇതിനിടെയാണ് ആരോഗ്യവാനാണെന്ന് സൂചിപ്പിക്കുന്ന പുതിയ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
Iran’s Mehr RELEASES VIDEO of Supreme Leader Mojtaba Khamenei for ‘FIRST TIME’ pic.twitter.com/v3Rp81VfLH
— RT (@RT_com) August 8, 2026






