തിരുവനന്തപുരം: എൽപി സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് ഉദ്യോഗാർഥികളുടെ സമരം. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമന നടപടികൾ കാര്യമായി മുന്നോട്ടുപോകുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം.
ഇന്ന് രാവിലെ 11 മണിയോടെയാണ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. 2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്ന് ഇതുവരെ നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നതെന്നാണ് ഇവരുടെ പരാതി. പല ജില്ലകളിലും ഒന്നാം റാങ്കുകാരന് പോലും നിയമനം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.
സംസ്ഥാനത്തെ ഇടത് സർക്കാരിന്റെ അവസാനഘട്ടത്തിലും ഇതേ ആവശ്യവുമായി ഉദ്യോഗാർഥികൾ സമരം നടത്തിയിരുന്നു. എന്നാൽ ഇപ്പോഴും നിയമനത്തിൽ കാര്യമായ പുരോഗതിയില്ലെന്നാണ് ഇവരുടെ വിമർശനം.
അധ്യാപക-വിദ്യാർഥി അനുപാതം പുനഃപരിശോധിക്കണമെന്നും, ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനർവിന്യസിക്കണമെന്നും, വിരമിക്കൽ ഒഴിവുകൾ ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം വേഗത്തിലാക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. നിയമനം ആരംഭിക്കുന്നതുവരെ സമരം ശക്തമാക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.






