ആലപ്പുഴ: ജി സുധാകരൻ എംഎൽഎയുടെ പ്രസംഗത്തിനിടെ ബഹളം വച്ച് സിപിഎം പ്രവർത്തകർ. തോട്ടപ്പള്ളി ആനന്ദേശ്വരം മലയിൽതോട് പാടശേഖരത്ത് കൽക്കെട്ട് നിർമാണോദ്ഘാടന വേദിയിലാണ് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വൈ. പ്രദീപിപിന്‍റെ നേതൃത്വത്തിൽ പ്രസംഗം തടസ്സപ്പെടുത്തിയത്.
കഴിഞ്ഞദിവസം നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിൽ നടന്ന വിഷയം പരാമർശിച്ചതാണ് സി.പി.എം പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ലെന്നും പൊതുവേദിയാണെന്നും പറഞ്ഞായിരുന്നു സി.പി.എം പ്രവർത്തകർ രംഗത്തെത്തിയത്. എന്നാൽ, നിങ്ങൾ എത്ര ഒച്ചപ്പാടുണ്ടാക്കിയാലും താൻ പറയാനുള്ളത് പറയുമെന്ന് ജി. സുധാകരൻ പറഞ്ഞു.
പിന്നീടും സുധാകരൻ തന്‍റെ പ്രസംഗം തുടർന്നു. സി.പി.എം- സുധാകരൻ പോര് മുറുക്കുന്നതിനിടെയാണ് രാഷ്ട്രീയവിമർശനം. എം.എൽ.എ എന്ന നിലയിൽ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ സി.പി.എമ്മിനെ അധിക്ഷേപിച്ചാൽ പ്രതികരിക്കുമെന്ന് ജില്ല നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം ആലപ്പുഴ ചന്ദനക്കാവ് റസിഡന്‍റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പൊതുയോഗത്തിലും ജി. സുധാകരൻ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചിരുന്നു.


















































