തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി നടി ലക്ഷ്മിപ്രിയ. 2011ൽ തൃശൂരിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചുവച്ച കെട്ടിടം പൊട്ടിത്തെറിച്ച സംഭവത്തിന് സാക്ഷ്യം വഹിച്ച നടുക്കുന്ന ഓർമ അവർ പങ്കുവച്ചു. തന്റെ വീടിനടുത്തായിരുന്നു ആ സ്ഫോടനം നടന്നതെന്ന് അവർ പറഞ്ഞു. വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ് ആദ്യം കരുതിയത്.
എല്ലാ വീടുകളുടെയും ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. കുറ്റിയിട്ടിരുന്ന കതകുകൾ കൊളുത്ത് തെറിച്ചു പോയി. ടിവി വെച്ചപ്പോഴാണ് സ്ഫോടനത്തെക്കുറിച്ച് മനസിലായതെന്നും അവർ പറഞ്ഞു. 2010 ൽ ആണ് ഞങ്ങൾ തൃശൂർ മുളങ്കുന്നത്ത് കാവിൽ വീട് വാങ്ങുന്നത്. 2011 ജൂലൈ 17 ന് ഇതേ പോലെ ഒരു അപകടത്തിന് ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വീട്ടിൽ നിന്നും നോക്കിയാൽ മൂന്നോ നാലോ കിലോമീറ്റർ ദൂരെയുള്ള മനോഹരമായ പൂമല ഞങ്ങൾക്ക് കാണാം. ആ ദിവസം രാവിലെ ജയേഷേട്ടൻ ഓഫീസിൽ പോയിട്ടില്ല. ഞാൻ ഷൂട്ടിങ് കഴിഞ്ഞു വന്ന് മുകളിലെ മുറിയിൽ വസ്ത്രങ്ങൾ ഒതുക്കി വയ്ക്കുന്ന തിരക്കിലും.
ഞങ്ങളുടെ ഹൗസിങ് കോളനിയിൽ രാവിലെയുള്ള തിരക്കുകൾ കഴിഞ്ഞ നിശബ്ദത. അയൽ വീടുകളിൽ പുരുഷൻമാർ എല്ലാം ജോലിയ്ക്ക് പോയിക്കഴിഞ്ഞു. സ്ഫോടനത്തിന് മുൻപുള്ള നിശബ്ദത എന്ന് ശരിക്കും കേട്ടിട്ടേ ഉള്ളൂ. അല്പ്പം കഴിഞ്ഞപ്പോൾ അത് അക്ഷരാർത്ഥത്തിൽ അനുഭവിച്ചു.
കാലത്ത് ഒരു പത്തരയോടെ അതിഭീകരമായ ഒരു പൊട്ടിത്തെറി. അത് കേട്ട് ഞാൻ അലറി. ഈ ശബ്ദവും എന്റെ അലർച്ചയും കേട്ട് ജയേഷേട്ടൻ ഒറ്റ ഓട്ടത്തിന് മുകൾ നിലയിൽ എത്തി. ഞങ്ങൾ കരുതിയത് വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ്. സമനില വീണ്ടെടുക്കുന്നതിനിടയി തുടർ ഉഗ്രസ്ഫോടനങ്ങൾ.
ആ കോളനിയിലെ മുഴുവൻ വീടുകളിലെയും സ്ത്രീകളും, എന്നെയും പിടിച്ചു വലിച്ച് ചേട്ടനും പുറത്തേക്ക് ഓടി. എല്ലാവരും അത് അവരവരുടെ വീടുകളിൽ ഗ്യാസ് സിലിണ്ടർ പോലെ എന്തോ ഒന്ന് പൊട്ടിത്തെറിച്ചു എന്നാണ് കരുതിയത്. ഞങ്ങൾക്ക് ആർക്കും ഒന്നും മനസ്സിലായില്ല.
എല്ലാ വീടുകളുടെയും ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. കുറ്റിയിട്ടിരുന്ന കതകുകൾ കൊളുത്ത് തെറിച്ചു പോയി..ഞങ്ങൾ കാര്യം മനസ്സിലാകാതെ റോഡിൽ പരസ്പരം വരുന്ന ദുരന്തത്തെ ഏൽക്കാൻ കൈ കോർത്തു നിന്നു. തുടർച്ചയായി സ്ഫോടനം. തൊട്ടടുത്ത് എന്നപോലെ… എന്നാൽ പ്രകമ്പനവും ശബ്ദവും മാത്രമേ ഞങ്ങൾ അനുഭവിക്കുന്നുള്ളൂ എന്ന തിരിച്ചറിവിൽ മനസാന്നിധ്യം വീണ്ടെടുത്ത ചേട്ടൻ വീട്ടിലേക്ക് ഓടി. ന്യൂസ് വച്ചു. ഞങ്ങൾ മനോഹാരിത അനുഭവിയ്ക്കുന്ന പൂമലയിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചു വച്ച കെട്ടിടം പൊട്ടിത്തെറിച്ചു എന്നും നിരവധി ജീവൻ പൊലിഞ്ഞു എന്നും രക്ഷാപ്രവർത്തനം തുടങ്ങി എന്നും വാർത്ത.
ഇന്നും ഞങ്ങളുടെ വീടിന്ന് അരികെ ആണ് ഈ അപകടം ഉണ്ടായിരിക്കുന്നത്. മുണ്ടത്തിക്കോട്. ഇപ്പോ അവിടെ താമസമില്ലാത്തതിനാൽ സാക്ഷ്യം വഹിക്കേണ്ടി വന്നില്ല, ദൈവത്തിനു സ്തുതി. ഓരോ വെടിക്കെട്ട് അപകടവും എന്നെ ആ ദിവസത്തേക്ക് കൊണ്ടു പോകും. പിന്നീടൊരിക്കലും പൂമലയുടെ ഭംഗി ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കാണുന്നതേ പേടിയാണെന്നും ലക്ഷ്മി പ്രിയ പറയുന്നു















































